ന്യൂഡൽഹി: വധശ്രമ കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിചാരണ കോടതി വിധി മരവിപ്പിച്ച കേരള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസ് പുനഃപരിശോധിച്ച് ആറാഴ്ചക്കകം രണ്ടാമത് തീർപ്പാക്കാനും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിർദേശിച്ചു. അതേസമയം, ഹൈകോടതി വിധി റദ്ദാക്കിയതിലൂടെ ഫൈസലിന് തിരിച്ചുകിട്ടിയ എം.പി സ്ഥാനം ഹൈകോടതി പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ തുടരുമെന്നും ബെഞ്ച് വ്യക്തമാക്കി.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം. സഈദിന്റെ ജാമാതാവ് മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് കവരത്തി സെഷൻസ് കോടതി ഫൈസൽ അടക്കം നാലു പ്രതികളെ 10 വർഷം തടവിന് ശിക്ഷിച്ചത്. തൊട്ടുടനെ ലോക്സഭാ സ്പീക്കർ ഫൈസലിനെ അയോഗ്യനാക്കുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ ഫൈസൽ സമർപ്പിച്ച അപ്പീലിൽ കേരള ഹൈകോടതി ജസ്റ്റിസ് ബെച്ചു കുര്യന്റെ സിംഗിൾ ബെഞ്ച് കേവലം 15 മാസത്തേക്ക് ഖജനാവിന് ബാധ്യതയുണ്ടാക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പ് ആവശ്യമല്ലെന്നുപറഞ്ഞ് കവരത്തി കോടതി വിധി സ്റ്റേ ചെയ്തു. അതോടെ, ഫൈസലിന് എം.പി സ്ഥാനം തിരിച്ചുകിട്ടി. ഇതിനെതിരെ മുഹമ്മദ് സ്വാലിഹും ലക്ഷദ്വീപ് ഭരണകൂടവും സമർപ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് സുപ്രീംകോടതി ഉത്തരവ്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ തന്നെകേരള ഹൈകോടതി നടപടിയിലെ യുക്തിയിൽ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഫൈസലിനെതിരെയുള്ള വധശ്രമ കുറ്റം മരവിപ്പിച്ചത് റദ്ദാക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഹരജി ചൊവ്വാഴ്ച പരിഗണിച്ചപ്പോഴും ഇതേ നിലപാട് ബെഞ്ച് ആവർത്തിച്ചു.
ഹൈകോടതിയുടെ ഊന്നൽ പുതുതായി നടക്കേണ്ട തെരഞ്ഞെടുപ്പിലും അതിനുള്ള ചെലവിലുമായിപ്പോയി. അതിനുപകരം സുപ്രീംകോടതിയുടെ വിവിധ വിധികൾ മനസ്സിൽവെച്ചുകൊണ്ട് ശരിയായ കാഴ്ചപ്പാടിൽ കുറ്റം മരവിപ്പിക്കാനുള്ള അപേക്ഷ ഹൈകോടതി പരിഗണിക്കേണ്ടതായിരുന്നു. ഫൈസലിന്റെ ഹരജി വീണ്ടും കേട്ട് തീർപ്പാക്കാനായി ഹൈകോടതിയിലേക്കുതന്നെ തിരിച്ചയക്കുകയാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ഹൈകോടതി ഉത്തരവിനുശേഷം ഇന്നുവരെ പാർലമെന്റ് അംഗം എന്ന നിലയിൽ ഫൈസൽ തന്റെ ഉത്തരവാദിത്തം നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് പുനഃപരിശോധനക്കായി ഹൈകോടതിയിലേക്ക് തിരിച്ചയച്ച് ആറാഴ്ചക്കകം തീർപ്പാക്കാൻ നിർദേശിച്ച ഈ ഘട്ടത്തിൽ പാർലമെന്റ് അംഗത്വം റദ്ദാക്കി ഒരു ശൂന്യത സൃഷ്ടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.