കെ.സി വേണുഗോപാൽ

പിണറായി വിജയന്റെ മഹാമനസ്‌കതയെ കുമാരസ്വാമി പ്രശംസിച്ചത് വെറുതെയല്ല -കെ.സി. വേണുഗോപാല്‍

ന്യൂഡൽഹി: ബി.ജെ.പി സഖ്യത്തെ എതിര്‍ത്തതിന്റെ പേരില്‍ ജെ.ഡി.എസ് കര്‍ണാടക അധ്യക്ഷനെ പുറത്താക്കിയ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ കേരളത്തിലെ ജനതാദൾ എസിന്റെ സംസ്ഥാന പ്രസിഡന്റിനെ ഇതുവരെ പുറത്താക്കിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെകട്ടറി കെ.സി വേണുഗോപാൽ ഓർമിപ്പിച്ചു. പിണറായി വിജയന്റെ മഹാമനസ്‌കതയെ കുമാരസ്വാമി പ്രശംസിച്ചത് വെറുതെയല്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. എച്ച്.ഡി. കുമാരസ്വാമി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാമനസ്‌കതയുടെ പ്രസക്തി ഇതിൽ നിന്ന് വ്യക്തമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്റെ പ്രതിനിധികള്‍ മത്സരിച്ചത് ആ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ നല്‍കിയ ചിഹ്നത്തിലാണ്. അതേ അധ്യക്ഷനാണ് മോദിയും അമിത് ഷായുമായി ചര്‍ച്ച ചെയ്ത് ബി ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. ബി.ജെപി.ക്ക് ലോകസഭയില്‍ സീറ്റുണ്ടാക്കാനും വീണ്ടും മോദിയെ പ്രധാനമന്ത്രിയാക്കാനും കൂട്ടുകെട്ടുണ്ടാക്കിയ പാര്‍ട്ടിയാണ് ജെ.ഡി.എസ്. അവരെ എന്തുകൊണ്ടാണ് സി.പി.എം ഇടതു മുന്നണിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്തത് ? ബി.ജെ.പിയുമായി സഖ്യത്തിലായ പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ തുടരാന്‍ അനുവദിച്ചത് സി.പി.എമ്മിന് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത കറയാണെന്നും ബി.ജെ പി വിരുദ്ധതയില്‍ സി.പി.എം വെള്ളം ചേര്‍ത്തെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ജെഡിഎസ് കേരള ഘടകം ദേശീയ നേതൃത്വത്തിന് വിരുദ്ധമാണെന്ന് വാക്കാല്‍ പറഞ്ഞത് കൊണ്ട് കാര്യമില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഭാഗമല്ലെന്നും കേരളത്തില്‍ തങ്ങള്‍ പ്രത്യേകം പാര്‍ട്ടിയാണെന്നും കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കാന്‍ ജെഡിഎസ് സംസ്ഥാന നേതൃത്വം തയ്യാറാകണം. അങ്ങനെയെങ്കില്‍ അവരുടെ നിലപാടിനെ അംഗീകരിക്കാം. അല്ലാത്തപക്ഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പുറത്താക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 

ദേശീയ നേതൃത്വത്തിന്റെതിന് വിരുദ്ധമാണ് ജെഡിഎസ് കേരള ഘടകത്തിന്റെതെന്നും അവര്‍ മുന്നണിയില്‍ തുടരുന്നതില്‍ ധാര്‍മിക പ്രശ്‌നമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമാണ്. സിപിഎമ്മിന്റെ ബംഗാള്‍ ഘടകം ബിജെപിയുമായി ധാരണയുണ്ടാക്കിയാല്‍ കേരളത്തിലെ സിപിഎം അംഗീകരിക്കുമോ? സിപിഎം ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നതെന്തിനാണ് ? ജെഡിഎസിനെ പുറത്താക്കാന്‍ ആരെയാണ് സിപിഎം ഭയക്കുന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.

രാജസ്ഥാനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ഒരു തര്‍ക്കവുമില്ല. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കൂടിയാലോചിച്ചാണ് അവിടത്തെ പകുതിയോളം സീറ്റുകളില്‍ ഒറ്റപ്പേരിലെത്തിയത്. തര്‍ക്കമുണ്ടായിരുന്നെങ്കില്‍ അത് സാധ്യമാകുമോ എന്ന് വേണുഗോപാൽ ചോദിച്ചു.

Tags:    
News Summary - Kumaraswamy's praise for Pinarayi Vijayan's magnanimity was not unwarranted - K. C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.