ചണ്ഡീഗഡ് മേയറായി കുൽദീപ് കുമാർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫിസിൽ ചുമതലയേറ്റപ്പോൾ
ചണ്ഡിഗഢ്: പ്രിസൈഡിംഗ് ഓഫീസർ ക്രമക്കേട് നടത്തിയ ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഇടപെടലിലൂടെ സ്ഥാനം തിരിച്ചുപിടിച്ച കുൽദീപ് കുമാർ മേയറായി സ്ഥാനമേറ്റു. ഗൂഡാലോചനയിലൂടെ ബി.ജെ.പി സ്ഥാനാർത്ഥി മേയറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കേസ് സുപ്രീം കോടതിയിലെത്തുകയായിരുന്നു.
ബുധനാഴ്ച മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിലാണ് കുൽദീപ് കുമാർ മേയറായി ചുമതലയേറ്റത്. മേയർ തിരഞ്ഞെടുപ്പിന്റെ വീഡിയോകൾ കണ്ട് കൃത്രിമം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്. ആം ആദ്മി നേതാവിനെ ധോൽ മുഴക്കിയാണ് സഹപ്രവർത്തകർ സ്വീകരിച്ചത്. പ്രവേശന കവാടത്തിൽ ചുവന്ന പരവതാനി വിരിക്കുകയും ചെയ്തു. മുതിർന്ന ആപ്, കോൺഗ്രസ് നേതാക്കളെല്ലാം സന്നിഹിതരായിരുന്നു. മാർച്ച് നാലിന് നടക്കുന്ന സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ മേയർ പ്രിസൈഡിംഗ് ഓഫിസർ ആയിരിക്കും.
ജനുവരി 30ന് നടന്ന വിവാദ മേയർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹിനെതിരെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നടപടിക്ക് നിർദേശം നൽകിയിരുന്നു. മസിഹിന്റെ ഗൂഢാലോചന കാരണം തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ മനോജ് സോങ്കറിന് അനുകൂലമാവുകയായിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ടാണ് മനോജ് സോങ്കറിന്റെ വിജയം റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.