കൃഷ്ണജന്മഭൂമി-ശാഹി മസ്ജിദ് കേസ്: അലഹബാദ് ഹൈകോടതി വാദം മാറ്റി

പ്രയാഗ് രാജ്: മഥുര കൃഷ്ണജന്മഭൂമി-ശാഹി ഈദ്ഗാഹ് മസ്ജിദ് കേസിൽ അലഹബാദ് ഹൈകോടതി വാദം കേൾക്കുന്നത് മാറ്റി. കേസ് നിലനിൽക്കില്ലെന്ന ഹരജിയിൽ ഹിന്ദു വിഭാഗത്തിന്റെ മറുപടി തേടിയാണ് വാദം മാറ്റിയത്. കൃഷ്ണജന്മഭൂമിക്ഷേത്രത്തിന് ചേർന്നുള്ള ശാഹി ഈദ്ഗാഹ് മസ്ജിദ് പരിസരത്ത് കോടതി നിരീക്ഷണത്തിൽ സർവേ നടത്താനുള്ള അലഹബാദ് ഹൈകോടതി ഉത്തരവ് ചൊവ്വാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈകോടതി നടപടി.

ബുധനാഴ്ച കേസ് ഹൈകോടതി പരിഗണിക്കാൻ തുടങ്ങിയപ്പോൾതന്നെ സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് സമർപ്പിച്ചിരുന്നു. ഇതോടെയാണ് കേസ് നിലനിൽക്കുമോ എന്ന ഹരജി ഫയൽ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് മായങ്ക് കുമാർ അറിയിച്ചത്. കേസിൽ എന്ന് വാദം കേൾക്കുമെന്ന് പിന്നീട് തീരുമാനിക്കാമെന്നും ജഡ്ജി വ്യക്തമാക്കി. മസ്ജിദ് മുമ്പ് ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് നൽകിയ ഹരജിയിലാണ് കഴിഞ്ഞ വർഷം ഡിസംബർ 14ന് അഡ്വക്കറ്റ് കമീഷണറുടെ മേൽനോട്ടത്തിൽ മസ്ജിദ് പരിസരത്ത് സർവേ നടത്താൻ ഹൈകോടതി ഉത്തരവിട്ടത്.

ഹൈകോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്നാണ് സർവേ സ്റ്റേ ചെയ്തത്. എന്നാൽ, തർക്കവുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കില്ലെന്നത് ഉൾപ്പെടെ ഹൈകോടതിയിലുള്ള മറ്റ് കേസുകളിൽ നടപടിക്രമങ്ങൾ തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Krishna Janmabhoomi-Shahi Masjid case: Allahabad High Court reverses the verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.