ഡോക്ടർമാർ ഇന്ന് സമരത്തിൽ; മെഡിക്കൽ കോളജുകളിലടക്കം ഒ.പി മുടങ്ങും
തിരുവനന്തപുരം: കൊൽക്കത്തയിലെ ആർ. ജി കർ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ശനിയാഴ്ച ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്യും. ഐ.എം.എ രാജ്യവ്യാപകമായി ആഹ്വാനം പ്രതിഷേധത്തിൽ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയും ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും പങ്കെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ കോളജുകളിലടക്കം അത്യാഹിത വിഭാഗവും ഐ.സി.യുവും ലേബർ റൂമുകളുമൊഴികെ ഒ.പിയടക്കമുള്ള സേവനങ്ങളിൽ നിന്നാണ് ഡോക്ടർമാർ വിട്ടു നിൽക്കുക. മാറ്റിവയ്ക്കാവുന്ന ശസ്ത്രകിയകളും നടക്കില്ല.
ശനിയാഴ്ച രാവിലെ ആറു മുതൽ ഞായറാഴ്ച രാവിലെ ആറു വരെയാണ് സമരം. മെഡിക്കൽ കോളജുകളിൽ പി.ജി വിദ്യാർഥികളും ഹൗസ് സർജൻസുമാരും സമാന രീതിയിയിൽ ഡ്യൂട്ടി ബഹിഷ്കരിക്കും. ഇതോടെ ഒ.പി സേവനങ്ങൾ പൂർണമായും സ്തംഭിക്കും.
അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തും. സവിശേഷ സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമരത്തിൽനിന്ന് ഒഴിവാക്കി. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാവും ഡ്യൂട്ടിക്കെത്തുക.
കൊൽക്കത്തയിലെ ക്രൂരമായ കൊലപാതകത്തിനും പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ ഗുണ്ടായത്തിൽ അധികാരികൾ പ്രകടിപ്പിച്ച നിസ്സംഗതക്കുമെതിരെയാണ് സമരമെന്ന് ഐ.എം.എ സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.