സി. ജോസഫ് വിജയ്,കെ.എൻ. നെഹ്റു
ഡി.എം.കെ നേതാവ് കെ.എൻ. നെഹ്റുവിന്റെ വസതികളിൽ വിജിലൻസ് റെയ്ഡ്; ടി.വി.കെ സർക്കാരിന്റെ കാലത്ത് ഇത് മൂന്നാം തവണ, രാഷ്ട്രീയ പ്രേരിതമെന്ന് സ്റ്റാലിൻ
ചെന്നൈ: ടെൻഡർ ക്രമക്കേട് ആരോപണങ്ങളിൽ ഡി.എം.കെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.എൻ. നെഹ്റുവിനെതിരെ വിജിലൻസ് നടപടി ശക്തമാക്കി. ചെന്നൈ, തിരുച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലായി 19 ഇടങ്ങളിലാണ് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (DVAC) റെയ്ഡ് നടത്തിയത്. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിൽ ടെൻഡർ നൽകിയതിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ചാണ് പരിശോധന.
2025-ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനകളിൽ ടെൻഡർ കൃത്രിമത്വവും ഏകദേശം 1,020 കോടി രൂപയുടെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായ തട്ടിപ്പുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഇഡിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് സർക്കാർ കേസ് രജിസ്റ്റർ ചെയ്യുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതിനെതിരെ കെ.എൻ. നെഹ്റു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ജൂണിൽ ടി.വി.കെ സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. നിലവിൽ ഈ വിഷയത്തിലുള്ള റിവ്യൂ ഹർജി കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, വിജിലൻസ് നടപടി തികഞ്ഞ രാഷ്ട്രീയ പ്രേരിതമാണെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടയിലും നിയമസഭാ സമ്മേളനം നടക്കുമ്പോഴുമാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ടി.വി.കെ സർക്കാർ റെയ്ഡ് നടത്തിയിരിക്കുന്നത്. ഇത്തരം നാടകങ്ങൾ കൊണ്ടൊന്നും കെ.എൻ. നെഹ്റുവും ഡി.എം.കെയും ഭയപ്പെടില്ലെന്നും നിയമപരമായി നേരിടുമെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
എന്നാൽ, അഴിമതിക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്നാണ് ടി.വി.കെ സർക്കാർ ഇതിനെ പ്രതിരോധിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ തന്റെ മേശപ്പുറത്തുണ്ടെന്നും കൃത്യസമയത്ത് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ഡി.എം.കെ സർക്കാരിന്റെ കാലത്തെ മുൻ മന്ത്രിമാരായ ഇ. വേലു, വി. സെന്തിൽബാലജി എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും ടി.വി.കെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഡി.വി.എ.സി റെയ്ഡുകൾ നടത്തിയിരുന്നു. അഴിമതി ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.