പാമ്പുകടിയേറ്റ കാലുമായി സൈക്കിളിൽ ആശുപത്രിയിലേക്ക്; ഒപ്പം കടിച്ച ശംഖുവരയനും! ഒഡീഷയിൽ സെക്യൂരിറ്റി ജീവനക്കാരന്‍ ഗുരുതരാവസ്ഥയിൽ
ഭുവനേശ്വർ: പാമ്പുകടിയേറ്റാൽ മറ്റൊന്നും നോക്കാതെ എല്ലാവരും ജീവനും കൊണ്ട് ആശുപത്രിയിലേക്ക് ഓടുകയാണ് പതിവ്. എന്നാൽ ഒഡിഷയിൽ നിന്ന് വരുന്നത് വിചിത്രമായ ഒരു വാർത്തയാണ്. കടിച്ച പാമ്പിനെ പിടികൂടി ബാഗിലാക്കിയ ശേഷം അതുമായി സൈക്കിളിൽ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ് കടിയേറ്റയാൾ. ഉഗ്രവിഷമുള്ള ശംഖുവരയന്‍ ഇനത്തിൽപ്പെട്ട പാമ്പിന്‍റെ കടിയേറ്റ ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഉദാല നഗരത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലാണ് സംഭവം. ഇവിടെ സെക്യൂരിറ്റിയായി ജോലിചെയ്യുന്ന മോചിറാം ടുഡുവിനാണ് പാമ്പുകടിയേറ്റത്.
മയൂർഭഞ്ച് സ്വദേശിയായ മോചിറാമിന്റെ കാലിൽ ഡ്യൂട്ടിക്കിടെ ഉഗ്രവിഷമുള്ള ശംഖുവരയന്‍ പാമ്പ് കടിക്കുകയായിരുന്നു. പിന്നാലെ ഇയാൾ പോളിത്തീൻ കവറിൽ പാമ്പിനെ ഇട്ട് ആശുപത്രിയിലേക്ക് പോയി. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ബരിപദയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആദ്യം പാമ്പ് കടിയേറ്റതായി മോചിറാം മനസ്സിലാക്കിയിരുന്നില്ല. എന്നാൽ പിന്നീടാണ് ഇത് തിരിച്ചറിഞ്ഞത്. പിന്നാലെ പാമ്പിനെ പിടികൂടി തല്ലിക്കൊന്ന് കവറിലാക്കുകയും തുടർന്ന് ചത്ത പാമ്പുമായി ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു.
ആശുപത്രിയിലെത്തിയപ്പോൾ കടിച്ചത് ശംഖുവരയനാണെന്ന് മനസ്സിലായി. ഉടൻ തന്നെ ഇയാൾക്ക് ചികിത്സയും ആരംഭിച്ചു. എന്നാൽ രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ബരിപദയിലെ പി.ആർ.എം. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.