സഞ്ജീവ് ഭട്ടും കുടുംബവും (ഫയൽ ചിത്രം)

'എല്ലാം നഷ്ടപ്പെടുമെന്ന് അച്ഛന് ഉറപ്പുണ്ടായിരുന്നു'; സഞ്ജീവ് ഭട്ടിന്റെ തടവറയിലെ എട്ടാം വർഷത്തിൽ വൈകാരികമായി മക്കളുടെ കുറിപ്പ്

അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയിൽ സർക്കാരിന്റെ പങ്കിനെതിരെ ശബ്ദമുയർത്തിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിന് എട്ട് വർഷം തികയുന്ന വേളയിൽ, നീതിന്യായ വ്യവസ്ഥയെയും ഭരണകൂട വേട്ടയെയും രൂക്ഷമായി വിമർശിച്ച് അദ്ദേഹത്തിന്റെ മക്കളായ ആകാശി ഭട്ടും ശാന്തനു ഭട്ടും. അധികാരം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയും പൗരന്മാരെ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങൾ നിരന്തരം പരാജയപ്പെടുകയും ചെയ്യുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ മക്കൾ ചൂണ്ടിക്കാട്ടി.

വ്യാജ കേസുകൾ ചമച്ചാണ് എട്ട് വർഷം മുൻപ് സെപ്റ്റംബർ 5-ന് ഭരണകൂടം തങ്ങളുടെ വീട്ടിൽ കയറി പിതാവിനെ തടവിലാക്കിയതെന്ന് മക്കൾ പറഞ്ഞു. ഇന്നേക്ക് അദ്ദേഹം ജയിലിലായിട്ട് 2,923 ദിവസങ്ങൾ പൂർത്തിയാകുകയാണ്. തങ്ങളുടെ കുടുംബത്തിന് ഈ എട്ട് വർഷം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അതീതമാണ്. അനീതിക്കെതിരെ ചോദ്യങ്ങൾ ഉയർത്തുമ്പോൾ മിണ്ടാതിരിക്കുന്നതിനേക്കാൾ പ്രധാനം സ്വന്തം മനഃസാക്ഷിയോട് നീതി പുലർത്തുന്നതാണെന്ന് പിതാവാണ് തങ്ങളെ പഠിപ്പിച്ചതെന്നും, വലിയൊരു വിഭാഗം ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സ്വന്തം ജീവിതവും ഔദ്യോഗിക ജീവിതവും സ്വാതന്ത്ര്യവും ബലി കഴിച്ചതെന്നും പ്രസ്താവനയിൽ ഓർമിപ്പിച്ചു.

ഒരു ജനാധിപത്യം ഒറ്റ നിമിഷം കൊണ്ട് തകരുകയല്ല ചെയ്യുന്നത്, മറിച്ച് നിശബ്ദമായി അതിന്റെ അടിത്തറകൾ ഓരോന്നായി ഇല്ലാതാക്കപ്പെടുകയാണ് ചെയ്യുന്നത്. അധികാരത്തെ നിയന്ത്രിക്കേണ്ട സ്ഥാപനങ്ങൾ അതിന് വഴങ്ങുമ്പോൾ, പീഡിപ്പിക്കപ്പെടുന്നവരുടെ അവസാന അഭയകേന്ദ്രമാകേണ്ട നീതിന്യായ വ്യവസ്ഥ അവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ, സത്യം പറയുന്നത് അപകടകരമാകുമ്പോൾ ഒക്കെയാണ് ജനാധിപത്യത്തിന്റെ തൂണുകൾ തകരുന്നത്. പൗരന്മാർ ഭയം കാരണം അനീതികൾക്കെതിരെ മിണ്ടാതിരിക്കുന്നതാണ് ഇതിൽ ഏറ്റവും അപകടകരമെന്നും അവർ ഓർമിപ്പിച്ചു.

തടവറയിലാക്കി എട്ട് വർഷം കഴിഞ്ഞിട്ടും സഞ്ജീവ് ഭട്ടിന്റെ ആത്മവീര്യത്തെയോ മനഃസാക്ഷിയെയോ കീഴടക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പോരാട്ടം നൽകുന്ന ധൈര്യം മറ്റുള്ളവരിലേക്കും പടരുമെന്നും, രാജ്യത്തെ പൗരന്മാർ ഭയം വെടിഞ്ഞ് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. സഞ്ജീവ് ഭട്ടിന് വേണ്ടി മാത്രമല്ല, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ജീവിതം നൽകിയ എല്ലാവർക്കും വേണ്ടി ഒരുമിച്ച് ശബ്ദമുയർത്തണമെന്ന് അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. എത്ര പീഡനങ്ങൾ അനുഭവിച്ചാലും തങ്ങൾ തകരില്ലെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞാണ് മക്കൾ കുറിപ്പ് അവസാനിപ്പിക്കുന്നത്.

2002-ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാണിച്ച് 2011-ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതോടെയാണ് മുൻ ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് വാർത്തകളിൽ നിറയുന്നത്. തുടർന്ന് 2011-ൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട അദ്ദേഹത്തെ 2015-ൽ പിരിച്ചുവിട്ടു. 2018 സെപ്റ്റംബറിലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. 1990-ലെ കസ്റ്റഡി മരണക്കേസിൽ 2019-ൽ അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൂടാതെ, 1996-ലെ വ്യാജ ലഹരിമരുന്ന് കേസിൽ 2024-ൽ കോടതി അദ്ദേഹത്തിന് 20 വർഷത്തെ കഠിനതടവും വിധിച്ചിരുന്നു. എന്നാൽ, സഞ്ജീവ് ഭട്ടിനെതിരെയുള്ള എല്ലാ കേസുകളും ശിക്ഷകളും രാഷ്ട്രീയ പ്രേരിതവും പ്രതികാര നടപടിയുടെ ഭാഗവുമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും വ്യക്തമാക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.