'ഈ ക്രൂരതയെ നമ്മൾ പ്രശംസിക്കണമെന്നാണോ?'; കിരൺ റിജിജുവിന്റെ സി.ജെ.പി പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾ കൈകാര്യം ചെയ്തതിൽ പൊലീസിന്റെ നടപടിയെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ അടിസ്ഥാന മന്ത്രം തന്നെ അസത്യവും അക്രമവുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആരുടെയും അസ്ഥികൾ ഒടിഞ്ഞിട്ടില്ലെന്നും ഒരു പ്രതിഷേധക്കാരൻ പോലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ കിരൺ റിജിജു അവകാശപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രക്ഷോഭത്തിൽ വിദ്യാർഥികളുടെ മറവിൽ ക്രിമിനലുകൾ കടന്നുകൂടിയിട്ടുപോലും അനിഷ്ട സംഭവങ്ങളോ ജീവഹാനിയോ ഉണ്ടാകാതെ നോക്കിയ ഡൽഹി പൊലീസിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ റിജിജുവിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് രാഹുൽ ഗാന്ധി തിരിച്ചടിച്ചത്. പാർലമെന്റിന് വെറും അര കിലോമീറ്റർ അകലെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുകയും ആണിയടിച്ച ലാത്തികൾ കൊണ്ട് ആക്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അക്രമത്തിൽ ഒരു കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുകയും മറ്റൊരു പെൺകുട്ടിയുടെ ചെവി മുറിഞ്ഞുപോകുകയും ചെയ്തു. ഇത്തരം ക്രൂരതകളെയാണോ നമ്മൾ പുകഴ്ത്തേണ്ടതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പരിക്കേറ്റ കുട്ടികളെ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അസത്യത്തിലും അക്രമത്തിലുമാണ് ഈ സർക്കാർ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Rahul Gandhi lashes out at Kiren Rijiju's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.