'പ്രചോദനം വാക്കുകൾക്കതീതം...'; 63കാരിയായ മലയാളി ലൈബ്രേറിയന് ആനന്ദ് മഹീന്ദ്രയുടെ കൈയടി

വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് തലവനുമായ ആനന്ദ് മഹീന്ദ്ര 63കാരിയായ മലയാളി ലൈബ്രേറിയനിൽനിന്ന് പ്രചോദനം കണ്ടെത്തുകയാണ്.

വയനാട് മൊതക്കര സ്വദേശി കെ.പി. രാധാമണിയുടെ ജീവിതമാണ് അദ്ദേഹത്തെ സ്വാധീനിച്ചിരിക്കുന്നത്. ബാലവാടി അധ്യാപിക, ടൂറിസ്റ്റ് ഗൈഡ്, നാട്ടുവൈദ്യം, ഹരിതകര്‍മസേന തുടങ്ങി രാധാമണി കൈവെക്കാത്ത മേഖലകളില്ല. പ്രായത്തെക്കവിഞ്ഞ ചുറുചുറുക്കോടുകൂടി ഓടി നടക്കുകയാണ് ഇപ്പോഴും അവർ.

അടുത്തിടെയാണ് രാധാമണിയുടെ ജീവിതത്തെ കുറിച്ച് ദി ബെറ്റർ ഇന്ത്യ എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആനന്ദ് മഹീന്ദ്ര കാണാനിടയായത്. 'ദിവസവും പുസ്തക വിതരണം ചെയ്യാനായി ആറു കിലോമീറ്ററിലധികം രാധാമണി നടന്നുപോകുന്നുണ്ട്. ഇത് വാക്കുകൾക്ക് അതീതമായ പ്രചോദനമാണ് ... വായനയോടുള്ള അർപ്പണബോധം ഇന്നത്തെ സാങ്കേതികവിദ്യ ആധിപത്യ ലോകത്ത് വേറിട്ടുനിൽക്കുന്നു' -ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

മഹീന്ദ്രയുടെ പോസ്റ്റ് ഇരുന്നൂറിലധികം തവണ റീട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, 2,200ലധികം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തു.

രാധാമണി ജനിച്ചതും വളര്‍ന്നതും കോട്ടയത്താണ്. 1978ൽ, രാധാമണിക്ക് 20 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം വയനാട്ടിലേക്ക് കുടിയേറി. ജീവിക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് രാധാമണി ബാലവാടി അധ്യാപികയായത്. 2008ൽ ജോലി നഷ്ടപ്പെട്ടു. ഇതിനിടെ പാചകക്കാരിയായും ഒരു കൈ നോക്കി. അങ്ങനെയിരിക്കെ, 2012ലാണ് ലൈബ്രേറി കൗണ്‍സിലിന്റെ കീഴില്‍ ലൈബ്രേറിയനായി രാധാമണി ചുമതല ഏല്‍ക്കുന്നത്.

വീടുകള്‍ തോറും കയറി ഇറങ്ങി വനിതകളും കുട്ടികളും വയോധികരുമായി വായനക്കാരെ കണ്ടെത്തി അവർക്ക് പുസ്തകങ്ങൾ നൽകും. ഇതിനായി ദിവസവും ആറു കിലോമീറ്ററിലധികം അവർ നടക്കുന്നുണ്ട്. പുസ്തകങ്ങൾ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലെ സ്ത്രീകൾ, കുട്ടികൾ, വയോധികർ എന്നിവർക്ക് രാധാമണിയുടെ 'വക്കിങ് ലൈബ്രറി' വലിയ ആശ്വാസമാണ്. ഇതിനിടെ പലരെയും വായനയുടെ ലോകത്തേക്ക് അവർ കൈപിടിച്ചു നടത്തി.

ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പ്രചോദനാത്മകമായ കഥകളും നൂതന സാങ്കേതിക വിഡിയോകളും രസകരമായ ട്വീറ്റുകളും പങ്കിടുന്നത് പതിവാണ്. 9.5 മില്യൺ ആളുകളാണ് അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്.

Tags:    
News Summary - Kerala's 63-yr-old librarian gets a standing ovation from Anand Mahindra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.