കേരളത്തിന് നഷ്ടം ലക്ഷം മെട്രിക് ടൺ അരി; തലയെണ്ണി അരി നൽകാൻ കേന്ദ്രം

ന്യൂഡൽഹി: വിഹിതത്തിൽ ഏകദേശം ഒരു ലക്ഷം മെട്രിക് ടൺ കുറവ് വരുത്തുന്ന ഭക്ഷ്യസുരക്ഷാ നിയമത്തിലെ വിവാദ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പരമ ദരിദ്ര കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന (എ.എ.വൈ) പദ്ധതിക്ക് കീഴിൽ റേഷൻ കാർഡ് ഒന്നിന് 35 കിലോഗ്രാം അരി നൽകിയിരുന്നത് നിർത്തലാക്കി പകരം തലയെണ്ണി ഒരാൾക്ക് ഏഴുകിലോ വീതം അരി നൽകാനുള്ള തീരുമാനം പ്രാബല്യത്തിൽ വരുത്തുമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ദൂരവ്യാപകമായ പ്രത്യാഘാങ്ങളുണ്ടാക്കുന്ന തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. കേരളത്തിന് ഏകദേശം ഒരു ലക്ഷം മെട്രിക് ടൺ അരി പുതിയ മാറ്റത്തിൽ നഷ്ടമാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ് ന്യൂഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഈ മാസം 13 വരെ അഭിപ്രായമറിയിക്കാം

കേരളത്തിന്റെ എതിർപ്പുണ്ടെങ്കിലും ഈ മാസം കഴിയുന്നതോടെ പദ്ധതി നടപ്പാക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നിർദിഷ്ട നിയമ ഭേദഗതിയുള്ള ദേശീയ ഭക്ഷ്യസുരക്ഷാ (ഭേദഗതി) ബില്ലിന്റെ കരട് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഈ മാസം 13 വരെ പൊതുജനങ്ങൾക്ക് അഭപ്രായമറിയിക്കാമെന്നും അദ്ദേഹം തുടർന്നു. കരടിൽ നിർദേശങ്ങൾ ലഭിച്ചുതുടങ്ങിയിട്ടുണ്ടെന്നും ഇതുവരെ ലഭിച്ച മിക്ക നിർദേശങ്ങളും കേന്ദ്ര നിർദേശത്തിന് അനുകൂലമാണെന്നും ഉന്നത ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ജൂലൈ അവസാനത്തോടെ ഭേദഗതി അന്തിമമാക്കി പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാര്യമായ എതിർപ്പുകൾ അല്ലെന്ന് കേന്ദ്രത്തിന്റെ അവകാശ വാദം

ദക്ഷിണേന്ത്യയിൽ അരി അടിസ്ഥാനമാക്കിയുള്ള ഭക്ഷണം ഉയർന്ന തോതിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അവിടെനിന്നും കേന്ദ്ര നിർദേശത്തിനെതിരെ കാര്യമായ എതിർപ്പുകളൊന്നും വന്നിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. പുതിയ റേഷൻ വിതരണ രീതി വ്യത്യസ്ത സംസ്ഥാനങ്ങൾ വ്യത്യസ്തമായി കാണുമെന്ന് ഉദ്യോഗസ്ഥൻ തുടർന്നു. കുടുംബാസൂത്രണം നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വീടുകളിൽ ശരാശരി മൂന്നോ നാലോ അംഗങ്ങളാണെങ്കിൽ വടക്കെ ഇന്ത്യയിൽ ഇത് നാലോ അഞ്ചോ അതിലധികമോ അംഗങ്ങളാണ്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച നിർദേശങ്ങൾ വിശകലനം ചെയ്ത് കഴിഞ്ഞായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റെ തുല്യതാവാദം പൊളിച്ച് 35 കിലോ പരിധി

നിലവിലെ വിതരണ രീതിയനുസരിച്ച് എല്ലാ കാർഡുകൾക്കും 35 കിലോ ഗ്രാം നൽകുമ്പോൾ വലിയ കുടുംബങ്ങളിലെയും ചെറിയ കുടുംബങ്ങളിലെയും ഓരോ അംഗത്തിനും കിട്ടുന്ന അരിയിൽ തുല്യത ഉണ്ടാകില്ലെന്നാണ് നിയമഭേദഗതിക്കുള്ള ന്യായമായി കരട് ഭേദഗതിയിൽ പറയുന്നത്. എന്നാൽ, കുടുംബത്തിലെ അംഗങ്ങൾ അഞ്ചിൽ കൂടുതൽ എത്ര പേരുണ്ടെങ്കിലും പരമാവധി 35 കിലോ മാത്രമേ നൽകൂ എന്ന വ്യവസ്ഥ വെച്ചതോടെ സർക്കാറിന്റെ ന്യായം പൊളിയുകയാണ്. 10 പേരുള്ള കുടുംബത്തിനും അഞ്ച് അംഗങ്ങളുള്ള കുടുംബത്തിനും 35 കിലോ മാത്രം നൽകുമ്പോൾ നിയമഭേദഗതിക്ക് ന്യായമായി പറയുന്ന തുല്യത നടപ്പാകുന്നില്ല.

Tags:    
News Summary - Kerala loses one lakh metric tons of rice; Centre to provide rice per capita

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.