പാലക്കാട്: പാലക്കാട്ടുകാർക്ക് ഒരു സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്ന് കോൺഗ്രസിലെ ക്രൗഡ് പുള്ളറും മുൻ പാലക്കാട് എം.എൽ.എയുമായ ഷാഫി പറമ്പിൽ. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ പങ്കെടുക്കവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വോട്ടുതേടി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിന് സ്റ്റാർ കാമ്പയിനറായി രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഒന്നും ഇവിടെ ഷെഡ്യൂളിൽ ഇല്ലേയെന്നും ഷാഫിയെ പോലെ ആളെ കൂട്ടുന്ന നേതാക്കൾ മതി എന്നാണോ നിലപാട് എന്നും ചോദിച്ചപ്പോഴായിരുന്നു ഷാഫിയുടെ മറുപടി. ‘വെയിറ്റ് ചെയ്ത് കണ്ടോളൂ, വേട്ടെടുപ്പ് ആയില്ലല്ലോ. നിങ്ങൾ ഷെഡ്യൂൾ ഇല്ല എന്നൊക്കെ അങ്ങനെ നേരത്തെ പറയല്ലേ. സന്ദീപ് വാര്യർക്ക് സീറ്റ് ഇല്ല എന്ന് പറഞ്ഞതുപോലെ പറയണ്ട. വെയിറ്റ് ആൻഡ് സീ, ആരാ വരുന്നത് എന്ന് വെയിറ്റ് ചെയ്ത് കണ്ടോളൂ. അപ്പോ പാലക്കാടിന് വലിയൊരു സർപ്രൈസ് ഉണ്ടാവും’ -അദ്ദേഹം പറഞ്ഞു.
‘നമുക്ക് എതിരെ പറയാൻ ആര് വരുന്നു എന്നുള്ളതിനേക്കാൾ നമ്മുടെ ഒപ്പം ആരുണ്ട് എന്നതിലാണ് കാര്യം. നമ്മുടെ കൂടെയുള്ളത് ജനങ്ങളാണ്. ഈ ജനാവലി മുഴുവൻ അതിന് വലിയ സാക്ഷ്യമാണല്ലോ. ജനങ്ങൾ വലിയ ആവേശത്തിൽ തന്നെയാണ്. ഇവർ ഒപ്പം നിൽക്കുന്നു എന്നുള്ളത് വലിയ കാര്യമാണ്’ -ഒപ്പമുണ്ടായിരുന്ന സ്ഥാനാർഥി രമേഷ് പിഷാരടി പറഞ്ഞു.
‘ഒന്ന് ആലോചിച്ചു നോക്കൂ, ഒരു പ്രധാനമന്ത്രി ഇവിടെ വന്നിട്ട് ഒരു കൗൺസിലറുടെ കാര്യമാണ് സംസാരിക്കുന്നത്. പ്രധാനമന്ത്രിക്ക് ബ്രിജ് ഭൂഷൺ എന്ന ബി.ജെ.പി നേതാവിനെ പരിചയം ഉണ്ടോ? ഈ നാടിനുവേണ്ടി ഒളിമ്പിക് മെഡൽ നേടിയ സഹോദരിമാരെ കൊണ്ട് ‘അത് ഞങ്ങൾ പുഴയിൽ ഒഴുക്കി കളയേണ്ടി വരും’ എന്ന് പറയിപ്പിച്ച ഭരണകൂടത്തിന്റെ തലപ്പത്തിരുന്നിട്ട് പാലക്കാട്ടെ കൗൺസിലറുടെ കാര്യമാണോ പ്രധാനമന്ത്രി പറയേണ്ടത്? എംഎൽഎ എന്താ ഇത്തവണ ഇവിടെ മത്സരിക്കാത്തത്? പാർട്ടി ഒരു തീരുമാനം എടുത്തില്ലേ? ഇത്തവണ പാലക്കാട് ആ എംഎൽഎ മത്സരിക്കുന്നില്ലല്ലോ’ -ഷാഫി പറമ്പിൽ പറഞ്ഞു.
‘പുതിയ പരാതിയിൽ ഞങ്ങളുടെ പേര് പറയുന്നതിന്റെയൊക്കെ പിന്നിലെ കാര്യങ്ങൾ എല്ലാവർക്കും അറിയാം. ഇതിനകത്ത് നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തോട്ടെ. ആ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിഞ്ഞാൽ ശിക്ഷ കൊടുക്കട്ടെ. സംരക്ഷിക്കാനോ നിയമ നടപടികളിൽ നിന്ന് മാറ്റിനിർത്താനോ ഞങ്ങൾ ആരും ഇടപെടില്ല. ഇനി അതിന്റെ വേറെ ആംഗിൾ നോക്കൂ, ഈ ഗവൺമെന്റിന്റെ മന്ത്രിസഭയിൽ ഇപ്പോൾ മന്ത്രിയായിരിക്കുന്നവും മത്സരിക്കുന്നവരും ഉൾപ്പെടെയുള്ള ആളുകളും എംഎൽഎമാരും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരും ഇത്തരം കാര്യങ്ങളിൽ അവരെടുത്ത നിലപാട് എന്താ? ഞങ്ങൾ അത് പറഞ്ഞിട്ട് ഇതിനെ ന്യായീകരിക്കുന്നില്ല. ഇതിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പൊലീസ് പരിശോധിച്ച് കണ്ടെത്തിയിട്ട് നടപടികളിലേക്ക് പോകട്ടെ.
പാലക്കാട് യുഡിഎഫ് ജയിക്കും. അതിൽ ഒരു സംശയവും വേണ്ട. അത് നഗര മേഖല ആണെങ്കിലും പഞ്ചായത്തിൽ ആണെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് കൃത്യമായിട്ട് രാഷ്ട്രീയ ബോധമുണ്ട്. കാര്യങ്ങൾ അറിയാം. മാത്രമല്ല ആരൊക്കെ തമ്മിലാണ് മത്സരം എന്ന കൃത്യമായ പിക്ചർ ജനങ്ങൾക്കുണ്ട്. യുഡിഎഫ് ജയിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു ആത്മവിശ്വാസക്കുറവുമില്ല. ഇവിടുത്തെ ജനങ്ങളുടെ ഒരു പാറ്റേൺ ഞങ്ങൾക്കറിയാം. അവരുടെ രാഷ്ട്രീയ ബോധത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. സർക്കാർ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. യുഡിഎഫിനേ ആ മാറ്റം കൊണ്ടുവരാൻ കഴിയുള്ളൂ എന്നും എല്ലാവർക്കും അറിയാം.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ എന്തെല്ലാം അവകാശവാദങ്ങളായിരുന്നു സി.പി.എമ്മിന്. വോട്ട് എണ്ണൽ തുടങ്ങിയിട്ട് പോലും അതിനൊരു അവസാനം ഉണ്ടായിരുന്നില്ല. ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്നത് യുഡിഎഫിനാണെന്ന് പാലക്കാടെട രാഷ്ട്രീയം അറിയാവുന്ന എല്ലാവർക്കും അറിയാം’ -അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ആവുക എന്ന് തുറന്നു പറയുന്ന കലാകാരന് നഷ്ടങ്ങളേറെയുള്ള സമയത്താണ് രമേഷ് പിഷാരടി അത് തുറന്നുപറയുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ’ഒരു ബുദ്ധിമുട്ടേറിയ ടാസ്കാണത്. അവസരങ്ങളുടെ കാര്യത്തിൽ, അവാർഡിന്റെ കാര്യത്തിൽ, ഗവൺമെന്റ് പ്രോഗ്രാമുകളുടെ കാര്യത്തിൽ അടക്കം ഒരു ബാക്കപ്പും പിന്നെ കിട്ടില്ല. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് പിഷാരടി രംഗത്തുവന്നത്. രാജ്യത്താണെങ്കിൽ ബി.ജെ.പി വിരുദ്ധരായ കലാകാരന്മാർക്കെതിരെ എല്ലാവിധ റൈഡും വേട്ടയാടലും ആക്ഷേപവും ആക്രമണവും ഒക്കെ നടത്തുന്ന സമയമാണ്. വർഗീയതക്കും വിദ്വേഷത്തിനും എതിരെ രാജ്യം ഒരുമിച്ച് നിൽക്കണം എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധി തെരുവിൽ ഇറങ്ങി നടന്നപ്പോൾ ആ മുദ്രാവാക്യത്തിനൊപ്പം ഞാനുണ്ട്, ഞാൻ കോൺഗ്രസ് ആണ് എന്ന് പറഞ്ഞ് ഈ കേരള സംസ്ഥാനത്ത് തെരുവിൽ ഇറങ്ങി നടന്ന ഒരാളാണ് ഇദ്ദേഹം.
വെറുപ്പും വിദ്വേഷവും വെച്ചു പുലർത്തുന്ന കേരള സ്റ്റോറിയെ എങ്ങനെ കേരളത്തിലെ ജനങ്ങൾ അവഗണിച്ചോ, അതുപോലെ പാലക്കാട്ടെ ജനങ്ങൾ ബിജെപിയുടെ വിഭാഗീയ ശ്രമങ്ങളെ പരാജയപ്പെടുത്തും’ -ഷാഫി പറഞ്ഞു.
‘പിഷാരടി രാഷ്ട്രീയക്കാരനല്ല, കോമഡി പറയുന്ന ആളാണ്, കോമാളിയാണ് എന്നൊക്കെ ആക്ഷേപിക്കുന്ന സിപിഎം നേതാക്കന്മാർ ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല. ബിജെപി സ്ഥാനാർത്ഥിക്കെതിരെ സിപിഎം നേതാക്കളുടെ എന്തെങ്കിലും ഒരു പ്രസ്താവന നിങ്ങൾ കാണിക്കൂ.
ബിജെപി കാൻഡിഡേറ്റിന് വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു സ്റ്റേറ്റ്മെന്റ് ഏതെങ്കിലും സിപിഎം നേതാവ് ഇവിടെ പറഞ്ഞിട്ടുണ്ടോ? അതിന്റെ കാരണം നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? ബിജെപി നേതാവ് ശക്തയാണ്, ശക്തയാണ് എന്ന് സിപിഎം പറഞ്ഞുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അജണ്ട വളരെ വ്യക്തമാണ്. അതിൽ പാലക്കാട്ട ജനങ്ങൾ പെട്ടുപോകില്ല. ജനങ്ങൾ ഇതെല്ലാം വിലയിരുത്തിയിട്ട് തന്നെയാണ് വോട്ട് ചെയ്യുന്നത്’ -ഷാഫി പറമ്പിൽ പറഞ്ഞു.
ഇ. ശ്രീധരനെ തോൽപ്പിച്ചതും വടകര തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതുമാണോ ഷാഫി പറമ്പിലിനെ സ്റ്റാർ ക്യാമ്പയിനർ ആക്കി മാറ്റിയത് എന്ന ചോദ്യത്തിന് ‘ഈ തെരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പയിനേഴ്സ് ജനങ്ങളാണ്’ എന്നായിരുന്നു ഷാഫിയുടെ മറുപടി.
‘ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോൾ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമാണ്. ഈ തെരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പയിനേഴ്സ് ജനങ്ങളാണ്. ഞങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും തെരുവിലിറങ്ങി നിൽക്കുന്നതും ഇതുപോലെ ഈ ജാഥകളിൽ എല്ലാം പങ്കാളികളാകുന്നതും രാവും പകലും ഒന്നും നോക്കാതെ ഞങ്ങൾക്ക് വേണ്ടി പൊരുതുന്ന ജനങ്ങളാണ്. ഇത് ജനങ്ങളും ഈ സർക്കാരും തമ്മിലുള്ള പോരാട്ടമാണ്.
ജനങ്ങളാണ് സ്റ്റാർ ക്യാമ്പയിനർ. വടകരക്ക് ഉൾപ്പെടെ എന്നെ പരിചയപ്പെടുത്തിയത് പാലക്കാട്ടെ വിജയം തന്നെയാണ്. വടകരയിൽ ഉണ്ടായ വിജയം തീർച്ചയായിട്ടും സംഘടനാ പ്രവർത്തനത്തിന്റെ ഫലമാണ്. അതൊക്കെ പൊതുപ്രവർത്തനത്തിൽ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ്. ഇപ്പോൾ കെപിസിസി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരും നേതൃത്വത്തിലുള്ള ഒരുവിധം എല്ലാവരും ഇപ്പോൾ മത്സര രംഗത്തുണ്ട്. ഞങ്ങളുടെ എല്ലാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് വരാറുള്ള പിഷാരടിയും ഇപ്പോൾ മത്സരിക്കുന്നു. അപ്പോൾ സംഘടനാ രംഗത്ത് നിൽക്കുന്ന ആളുകളും എംപിമാരും കൂടുതലായി പ്രചരണത്തിന് ഇറങ്ങണം. ഇത് എന്റെ ഉത്തരവാദിത്വം ആണല്ലോ. ചെല്ലുന്ന ഇടങ്ങളിൽ വലിയ പിന്തുണ ലഭിക്കുന്നു. സ്വന്തം വീടിന്റെ മുറ്റത്ത് വരെ ആളുകൾ ഇറങ്ങി നിന്ന് അഭിവാദ്യം ചെയ്യുന്നു. അവരവരുടെ ഇഷ്ടം കൊണ്ടാണ് ഇവർ ഇറങ്ങുന്നത്. അല്ലാതെ ആരും ഓർഗനൈസ് ചെയ്തതല്ല, ഓർഗാനിക് ആണ്.
ഇപ്രാവശ്യം എന്തായാലും ഒരു സർപ്രൈസായ ആൾ ഇവിടെ എത്തും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബിജെപിക്ക് എതിരായ വലിയ പോരാട്ടം തന്നെയാണ് ഇവിടെ, പാലക്കാട് യുഡിഎഫ് നയിക്കുന്നത്’ -ഷാഫി പറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.