ഡൽഹിയിലെ മാലിന്യ സംസ്കരണ പ്ലാന്‍റ് സന്ദർശിക്കാനെത്തിയ കെജ്‌രിവാളിനെതിരെ ബി.ജെ.പി പ്രതിഷേധം

ന്യൂഡല്‍ഹി: ഗാസിപൂരിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് സന്ദർശിക്കാൻ എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാലിന്യ സംസ്കരണത്തിന്‍റെ പേരിൽ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം രൂക്ഷമായിരിക്കുന്നത്.

ഡൽഹിയുടെ വികസന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന് ബി.ജെ.പി ഭരിക്കുന്ന ഡൽഹി കോർപ്പറേഷൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്ക് മറുപടിയുമായി ആംആദ്മി പാർട്ടി നേതാക്കൾ രംഗത്ത് എത്തിയത്.

സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ എ.എ.പി നേതാക്കൾ കോർപ്പറേഷന് കേന്ദ്ര സർക്കാർ അനുവദിച്ച തുകയുടെ കണക്ക് ചോദിച്ചു. ഇതിന് പിന്നാലെയാണ് ഗാസിപൂരിലെ മാലിന്യ പ്ലാന്‍റ് സന്ദർശിക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. ഗാസിപൂർ ഉൾപ്പടെയുള്ള മൂന്ന് മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും മാലിന്യ കൂമ്പാരം സൃഷ്ടിക്കുക മാത്രമാണ് ബി.ജെ.പിയുടെ 15 വർഷത്തെ കോർപ്പറേഷൻ ഭരണത്തിലൂടെ ലഭിച്ചതെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ ഗാസിപൂരിലെത്തി പ്രതിഷേധം ആരംഭിച്ചു. കെജ്‍രിവാള്‍ മടങ്ങി പോകണമെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടു.

Tags:    
News Summary - kejriwal visits ghazipur garbage dump amid protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.