ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ജുഡീഷ്യറിയെ ഞെട്ടിക്കുന്ന നീക്കവുമായി ആം ആദ്മി പാർട്ടി. കേസ് പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ജഡ്ജിയിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ കോടതി നടപടികളോട് സഹകരിക്കില്ലെന്നും അരവിന്ദ് കെജ്‌രിവാളും സംഘവും വ്യക്തമാക്കി. വാദിക്കാൻ അഭിഭാഷകരെ നിയോഗിക്കില്ലെന്ന കർശന നിലപാടിലാണ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ദുർഗേഷ് പഥക് എന്നിവർ. ഇതോടെ ആം ആദ്മി പാർട്ടി അംഗങ്ങൾ ഈ നിലപാട് സ്വീകരിച്ചതോടെ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകരെ 'അമിക്സ് ക്യൂറി'യായി നിയമിക്കാൻ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ തീരുമാനിച്ചു.
ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയ്ക്ക് രാഷ്ട്രീയ ചായ്‌വുണ്ടെന്ന ഗുരുതരമായ ആരോപണമാണ് എ.എ.പി നേതാക്കൾ ഉന്നയിക്കുന്നത്. ജഡ്ജിക്ക് ആർ.എസ്.എസിന്റെ അഭിഭാഷക സംഘടനയായ അഖിൽ ഭാരതീയ അധിവക്ത പരിഷത്തുമായി പരസ്യമായ ബന്ധമുണ്ടെന്നും, ജഡ്ജിയുടെ മക്കൾ കേന്ദ്ര സർക്കാരിന്റെ പാനലിലുള്ള അഭിഭാഷകരാണെന്നുമാണ് ഇവരുടെ ആരോപണം. സി.ബി.ഐക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഈ പാനലിലേക്ക് കേസുകൾ നൽകുന്നതെന്നും ഇത് നിഷ്പക്ഷമായ വിചാരണയെ ബാധിക്കുമെന്നും കെജ്‌രിവാൾ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് സ്വർണ്ണകാന്തയിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും അതിനാൽ ഗാന്ധിജി കാണിച്ചുതന്ന സത്യാഗ്രഹത്തിന്റെ പാതയാണ് താൻ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ തള്ളി. തെളിവുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കേവലം ആരോപണങ്ങളുടെയും സംശയങ്ങളുടെയും പുറത്താണ് തന്നെ മാറ്റാൻ ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. മദ്യനയക്കേസിൽ കെജ്‌രിവാൾ ഉൾപ്പെടെയുള്ള 23 പേരെ വിട്ടയച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പ്രതികൾ അഭിഭാഷകരെ നിയോഗിക്കാത്ത സാഹചര്യത്തിൽ, കോടതിയെ സഹായിക്കാനായി മുതിർന്ന അഭിഭാഷകരെ നിയമിക്കുന്ന ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കുമെന്നും അതിനുശേഷം വാദം കേൾക്കൽ ആരംഭിക്കുമെന്നും ഹൈകോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.