ഹൈദരാബാദ്: ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിച്ചുവെന്ന ആരോപണത്തെ പിന്തുണക്കുന്ന തെളിവുകളുമായി ടി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്റെ വാർത്താസമ്മേളനം. ടി.ആർ.എസ് എം.എൽ.എമാർക്ക് ബി.ജെ.പി 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആരോപണം.
ടി.ആർ.എസിൽ നിന്ന് പുറത്തു വരാൻ ബി.ജെ.പി പണം വാഗ്ദാനം ചെയ്ത നാല് എം.എൽ.എമാരെയും കൂട്ടിയാണ് കെ.സി.ആർ വ്യാഴാഴ്ച വാർത്താസമ്മേളനം വിളിച്ചത്. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്റെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒളി ക്യാമറാ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട കെ.സി.ആർ വാർത്താസമ്മേളനത്തിൽ അഞ്ചുമിനിട്ട് വിഡിയോ പ്രദർശിപ്പിച്ചു. കഴിഞ്ഞ ആഴ്ച തെലങ്കാനയിലെ ഫാം ഹൗസിൽ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എൽ.എമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തെലങ്കാനയിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് ഇടവെച്ചിരുന്നു. പണം കൊടുത്ത് സ്വാധീനിക്കാനെത്തിയവർ 20 തവണ കേന്ദ്രമന്ത്രി അമിത് ഷായുടെയും മൂന്ന് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ട്. കൂടാതെ കർണാടകയിലെ സർക്കാർ മാറ്റവും കൂടിക്കാഴ്ചക്കിടെ പരാമർശത്തിൽ വന്നിട്ടുണ്ടെന്ന് കെ.സി.ആർ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തെ രക്ഷിക്കണമെന്ന് നിയമവ്യവസ്ഥയോട് അപേക്ഷിക്കുകയാണെന്ന് പറഞ്ഞ കെ.സി.ആർ വിഡിയോ സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും മുതിർന്ന ജഡ്ജിമാർക്ക് അയച്ചുകൊടുക്കുമെന്നും അറിയിച്ചു. തെലങ്കാന, ആന്ധ്രപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലെ സർക്കാറുകളെ താഴെയിറക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും കെ.സി.ആർ ആരോപിച്ചു.
എന്നാൽ ബി.ജെ.പി ആരോപണങ്ങൾ നിഷേധിച്ചു. പ്രദർശിപ്പിച്ച വിഡിയോ ദൃശ്യങ്ങൾ വാടക നടൻമാരെക്കൊണ്ട് അഭിനയിപ്പിപ്പ് ഷൂട്ട് ചെയ്തതാണെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.