വിജയ്
ചെന്നൈ: നടനും തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവുമായ വിജയ് പ്രചാരണ പര്യടനത്തിന് ഉപയോഗിച്ചിരുന്ന ബസ് പിടിച്ചെടുക്കാൻ പൊലീസ് നീക്കം. കരൂർ ദുരന്തത്തിന്റെ കൂടുതൽ വിഡിയോ ദൃശ്യങ്ങൾ ബസിന്റെ വിവിധ ഭാഗങ്ങളിലായി പിടിപ്പിച്ചിട്ടുള്ള സി.സി ടി.വി കാമറകളിൽനിന്ന് ശേഖരിക്കും. മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എൻ. ശെന്തിൽകുമാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
കരൂർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കോടതി രൂപവത്കരിച്ച തമിഴ്നാട് ഉത്തര മേഖല ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തോടാണ് (എസ്.ഐ.ടി) വിജയ് ഉപയോഗിച്ചിരുന്ന പര്യടന വാഹനവും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയത്.
വിജയ് യുടെ കാരവാൻ വാഹനത്തിന് വശങ്ങളിലായി ആരാധകർ ബൈക്കുകളിൽ വരവെ ഉണ്ടായ അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭ്യമാവാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. പൊലീസ് കേസെടുക്കാതെ നിഷ്ക്രിയത്വം പാലിച്ചതിനെ കോടതി രൂക്ഷമായി വിമർശിക്കയും കേസ് രജിസ്റ്റർ ചെയ്ത് വാഹനം പിടിച്ചെടുക്കുകയും വേണമെന്ന് കർശന നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വിജയ് യെ പ്രതിപ്പട്ടികയിൽ ചേർക്കാത്തതിനെ കോടതി പരോക്ഷമായി വിമർശിച്ചിരുന്നു. കരൂർ ദുരന്ത കേസിൽ പൊലീസ് ആരെയോ ഭയപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഈനിലയിലാണ് കോടതി എസ്.ഐ.ടിക്ക് രൂപം നൽകിയത്. അന്വേഷണ സംഘത്തിൽ ആരെവേണമെങ്കിലും ഉൾപ്പെടുത്താനുള്ള അധികാരവും ഐ.ജിക്ക് നൽകിയിട്ടുണ്ട്. വനിത ഐ.പി.എസ് ഓഫിസർമാരായ വിമല, ശ്യാമളദേവി എന്നിവരെ അന്വേഷണ സംഘത്തിലുൾപ്പെടുത്തി.
ടി.വി.കെ സംസ്ഥാന ജന.സെക്രട്ടറി പുസി ആനന്ദ്, ജോ.സെക്രട്ടറി നിർമൽകുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും അറസ്റ്റ് ഉണ്ടായിട്ടില്ല. ഇവർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയേക്കുമെന്നും സൂചനയുണ്ട്. ജെൻ സി വിപ്ലവത്തിന് ആഹ്വാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ടി.വി.കെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം സെക്രട്ടറി ആധവ് അർജുനക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആധവ് അർജുന പ്രത്യേക സാഹചര്യത്തിൽ ഡൽഹിക്ക് പോവുകയായിരുന്നു. അമിത്ഷാ ഉൾപ്പെടെ കേന്ദ്ര ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെടുന്നതിനാണ് ആധവ് അർജുന ഡൽഹിയിലെത്തിയതെന്നും റിപ്പോർട്ടുണ്ട്. വിജയ് ക്ക് രാഷ്ട്രീയമായ സംരക്ഷണം ലഭ്യമാക്കാമെന്ന് പറഞ്ഞ് കേന്ദ്ര ബി.ജെ.പി നേതാക്കൾ ടി.വി.കെ കേന്ദ്രങ്ങളെ ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ച ഉച്ചക്കുശേഷം ബി.ജെ.പി നേതാവ് കെ. അണ്ണാമലൈയും ഡൽഹിക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.