ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവരാജാവിന് വളഞ്ഞ ബുദ്ധിയാണ് ഉള്ളത്. സഭയിലെ ഒരു എം.പിയെ രാഹുൽ വഞ്ചകനെന്ന് വിളിച്ചു. അയാളുടെ അഹങ്കാരം ഉച്ചസ്ഥായിയിലാണ്. ഇത് സിഖുകാരോടുള്ള വിദ്വേഷത്തേയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി കോൺഗ്രസുകാർ പാർട്ടി വിട്ടു. അവരെയൊന്നും രാഹുൽ ഗാന്ധി വഞ്ചകരെന്ന് വിളിച്ചില്ല. എന്നാൽ, ബിട്ടുവിനെ അദ്ദേഹം വഞ്ചകനെന്ന് വിളിച്ചു. അതിനുള്ള കാരണം അയാൾ സിഖുകാരനായത് കൊണ്ടാണെന്ന് മോദി കുറ്റപ്പെടുത്തി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷം, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ദശാബ്ദങ്ങളായി ഭരണം നടത്തിയിട്ടുണ്ടെങ്കിലും അവർ അഴിമതിയുടെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ കരാറുകൾ എന്നാൽ അഴിമതി നിറഞ്ഞ 'ബൊഫേഴ്‌സ്' ആയിരുന്നുവെന്നും മോദി പറഞ്ഞു.
ജനങ്ങളെ പരിഗണിക്കാതെ അധികാരത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു 'ക്രൂരമായ സർക്കാർ' ആണ് ബംഗാൾ ഭരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനായാണ് തൃണമൂൽ കോൺഗ്രസ് കോടതിയിൽ പോകുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങൾ പോലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമ്പോൾ, ഇന്ത്യയിൽ ചിലർ അവരെ സംരക്ഷിക്കാൻ സംഘടിത ശ്രമങ്ങൾ നടത്തുകയാണ്. ഇത്തരം നേതാക്കളെ എങ്ങനെയാണ് രാജ്യത്തെ യുവാക്കൾക്ക് അംഗീകരിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് രാജ്യസഭയിലെത്തിയ മോദിയെ മുദ്രാവാക്യങ്ങളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സംസാരിച്ച് തുടങ്ങിയ മോദി 83 വയസ്സുള്ള ഖാർഗെയ്ക്ക് അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ഇരുന്ന് മുദ്രാവാക്യം വിളിക്കാമെന്ന് വ്യക്തമാക്കിയാണ് മറ്റുള്ള കാര്യങ്ങളിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.