ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പി. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് അഴിമതിപ്പണം ഉണ്ടാക്കിയെന്ന കേസിൽ അറസ്റ്റിലായ മകൻ കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യാൻ അഞ്ചു ദിവസം സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. ഇൗ മാസം ആറിന് വീണ്ടും പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കണം.
രാഷ്ട്രീയ പ്രതികാരമാണ് കോൺഗ്രസ് നേതാവിെൻറ മകനു നേരെ മോദിസർക്കാർ നടത്തുന്നതെന്ന് അഭിഭാഷകൻ അഭിഷേക് സിങ്വി ശക്തമായി വാദിച്ചെങ്കിലും, കസ്റ്റഡിയിൽ വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സി.ബി.െഎ. ലണ്ടനിൽനിന്നു പറന്നെത്തിയ പി. ചിദംബരത്തിനും ഡൽഹിയിൽ ഉണ്ടായിരുന്ന ഭാര്യ നളിനി ചിദംബരത്തിനും മകനോട് സംസാരിക്കാൻ കോടതി മുറിയിൽ വെച്ചു മാത്രമാണ് അവസരം ലഭിച്ചത്.
കാർത്തിയെ തങ്ങൾക്ക് വേണ്ടവിധം ചോദ്യം ചെയ്യാൻ സമയം കിട്ടിയില്ലെന്ന് സി.ബി.െഎക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. കസ്റ്റഡിയിൽ കിട്ടിയതിനു പിന്നാലെ വൈദ്യപരിേശാധനക്ക് വിധേയനാക്കിയപ്പോൾ, ഉടനടി കാർഡിയാക് കെയർ യൂനിറ്റിലേക്ക് മാറ്റുകയാണ് ഡോക്ടർ ചെയ്തത്. രാവിലെ ചോദ്യം ചെയ്തപ്പോൾ സഹകരിച്ചില്ല. ഇൗ സാഹചര്യത്തിൽ കസ്റ്റഡിയിൽ വിട്ടുകിട്ടിയേ മതിയാവൂ. അഴിമതിയുടെ കൂടുതൽ വിവരങ്ങളും തങ്ങൾക്കു മുമ്പാകെയുണ്ടെന്നും സി.ബി.െഎ വാദിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് അഭിഷേക് സിങ്വി വാദിച്ചു.
കാർത്തി സഹകരിച്ചില്ലെന്നു പറയുന്നതിന് അടിസ്ഥാനമില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് 28നു ശേഷം സി.ബി.െഎ ഒരിക്കൽപോലും കാർത്തിക്ക് സമൻസ് നൽകിയിട്ടില്ല. കോടതിയുടെ അനുവാദത്തോടെയല്ലാതെ വിദേശയാത്ര നടത്തിയിട്ടുമില്ല. പക്ഷേ, അന്വേഷണ ഏജൻസിയുടെ ശക്തമായ ആവശ്യത്തിനാണ് നിയമപരമായ മേൽകൈ ലഭിച്ചത്. 14 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് സി.ബി.െഎ ആവശ്യപ്പെട്ടത്. എന്നാൽ അത് കോടതി അംഗീകരിച്ചില്ല.
ബുധനാഴ്ച പുലർച്ചെയാണ് ലണ്ടനിൽനിന്ന് ചെെന്നെ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ കാർത്തിയെ സി.ബി.െഎ അറസ്റ്റു ചെയ്തത്. തുടർന്ന് ഡൽഹിയിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇതിനിടെ, കാർത്തിയുടെ ചാർേട്ടഡ് അക്കൗണ്ടൻറ് എസ്. ഭാസ്കരരാമെൻറ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പാട്യാല ഹൗസ് കോടതി മാർച്ച് ഏഴിലേക്കു മാറ്റി. അതുവരെ ഭാസ്കരരാമൻ ജയിലിൽ കഴിയേണ്ടി വരും. കഴിഞ്ഞ 16നാണ് ഡൽഹിയിലെ ഹോട്ടലിൽനിന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.