പ്രജ്വൽ രേവണ്ണ

പ്രജ്വൽ രേവണ്ണ പീഡിപ്പിച്ച 30ലേറെ സ്ത്രീകൾ അന്വേഷണ സംഘത്തെ സമീപിച്ചു

ബംഗളൂരു: ബി.​െജ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ലോക്സഭ സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ ചെറുമകനുമായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) സമീപിച്ചു. എന്നാൽ, പീഡനം സംബന്ധിച്ച് പൊലീസിൽ പരാതിപ്പെടാൻ ഇരകളാരും തയ്യാറായിട്ടില്ലെന്ന് രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളെ കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

സംരക്ഷണം ഉറപ്പുനൽകിയിട്ടും പരാതി നൽകാൻ ഇരകൾ ഭയപ്പെടുകയാണ്. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് എങ്ങനെ മുന്നോട്ടുപോകാമെന്നാണ് എസ്.ഐ.ടി ഉദ്യോഗസ്ഥർ ആലോചിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇരകൾക്കായി പ്രത്യേക അന്വേഷണ സംഘം ഹെൽപ് ലൈൻ രൂപവത്കരിച്ചിരുന്നു.

അതിനിടെ, പ്രജ്വൽ രേവണ്ണയുടെ മാതാവിന്റെ ഡ്രൈവർ അജിത്തിനും എസ്.ഐ.ടി നോട്ടീസ് അയച്ചു. പ്രജ്വൽ രേവണ്ണയുടെ അച്ഛനും ജെഡി(എസ്) എംഎൽഎയുമായ എച്ച്‌ഡി രേവണ്ണ തട്ടിക്കൊണ്ടു പോയ ഇരകളിലൊരാളുടെ വിഡിയോ അജിത്ത് പകർത്തിയെന്ന ആരോപണത്തിലാണ് ഇയാൾക്കെതിരെ അന്വേഷണം. അജിത്ത് പകർത്തിയ വിഡിയോയാണ് പിന്നീട് വൈറലായതെന്ന് എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞു.

സെക്‌സ് വിഡിയോ കേസിൽ മുഖ്യപ്രതിയായ ഹാസൻ സിറ്റിങ് എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ എഫ്.ഐ.ആറിൽ ബലാത്സംഗം, ലൈംഗികാതിക്രമം, ഇരകളെ ഭീഷണിപ്പെടുത്തുന്നതിനായി ലൈംഗികാതിക്രമം വിഡിയോയിൽ പകർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അതിനിടെ, പ്രജ്വൽ രേവണ്ണ എവിടെയായിരുന്നാലും ഉടൻ മടങ്ങിയെത്തണമെന്നും നിയമനടപടിക്ക് വിധേയനാകണമെന്നും ഒളിവിൽ കഴിയുന്ന തന്റെ കൊച്ചുമകന് മുൻ പ്രധാനമന്ത്രി ദേവഗൗഡ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Karnataka sex videos case: SIT helpline gets calls from 30 victims of Prajwal Revanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.