പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അറബിക്കടലിൽ വെള്ളം തിളച്ചുപൊന്തുന്നതും നുരയുന്നതും പരിശോധിക്കും. ഗുജറാത്ത് തീരത്തിനടുത്ത് മത്സ്യത്തൊഴിലാളികളാണ് ഈ ദുരൂഹ പ്രതിഭാസം റിപ്പോർട്ട് ചെയ്തത്. കടൽവെള്ളം പ്രക്ഷുബ്ധമാകുന്നതും തിളക്കുന്നതുപോലെ നുരയും കുമിളകളും പൊന്തിവരുന്നതും മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വിഡിയോയിലുണ്ട്. ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ അധികൃതരെയും കാണിച്ചു. ഈ പ്രതിഭാസം അസാധാരണമാണെന്നും ഉടൻ വിദഗ്ധ പരിശോധന നടത്തണമെന്നും പൽഘർ ജില്ല ദുരന്ത നിവാരണ വിഭാഗം മേധാവി വിവേകാനന്ദ കദം പറഞ്ഞു.
തിരക്കേറിയ കപ്പൽ പാതകളും മത്സ്യബന്ധന മേഖലയും ഈ പ്രതിഭാസം കാണുന്ന മേഖലയോട് അടുത്തായതിനാൽ കടലിന്റെ അടിത്തട്ടിൽനിന്നുള്ള വാതകച്ചോർച്ചയോ, കടൽത്തട്ടിനടിയിലെ ഭൂഗർഭ വ്യതിയാനങ്ങളോ, കടലിനടിയിലൂടെ കടന്നുപോകുന്ന പൈപ്ലൈനുകളിലെ ചോർച്ചയോ ഇതിന് കാരണമാകാനുള്ള സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദുരന്ത നിവാരണ വിഭാഗം നാവിക വിദഗ്ധരുമായി ഏകോപിച്ച് പരിശോധന നടത്തി. മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.