ബംഗളൂരു: കോവിഡിെൻറ പശ്ചാത്തലത്തിൽ കർണാടകയിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്ക് ഏർപ്പെടുത്തിയ 14 ദിവസത്തെ ഹോം ക്വാറൻറീൻ, സേവാ സിന്ധു രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഇനി സംസ്ഥാനത്തേക്ക് സാധാരണപോലെ വന്നു ജോലിയിൽ ഏർപ്പെടാം. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
കർണാടകയിലെ ബംഗളൂരുവിൽ ഉൾപ്പെടെ കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെയാണ് അന്തർ സംസ്ഥാന യാത്രക്കാർക്കുള്ള എല്ലാ നിബന്ധനകളും ഒഴിവാക്കി അതിർത്തികൾ തുറന്നിടാനുള്ള കർണാടക സർക്കാർ തീരുമാനം. മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്കായി ഏർപ്പെടുത്തിയ സേവാ സിന്ധു പോർട്ടലിലെ രജിസ്ട്രേഷൻ, സംസ്ഥാന അതിർത്തികൾ, ബസ് ടെർമിനൽ, റെയിൽവെ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലെ മെഡിക്കൽ പരിശോധന, യാത്രക്കാരെത്തുന്ന ജില്ലകളിലെ പരിശോധന, യാത്രക്കാരെ വിവിധ വിഭാഗങ്ങളായി തരം തിരിക്കുന്ന നടപടി, കൈയിലെ ക്വാറൻറീൻ സ്റ്റാമ്പിങ്, 14 ദിവസത്തെ ഹോം ക്വാറൻറീൻ, ഐസൊലേഷനും സാമ്പിൾ പരിശോധനയും, വീട്ടുനിരീക്ഷണത്തിലുള്ളവരുടെ വാതിലിൽ ക്വാറൻറീൻ പോസ്റ്റർ പതിപ്പിക്കുന്നത്, മറ്റു സംസ്ഥാനങ്ങളിലെത്തിയവരെ പഞ്ചായത്ത് തലത്തിൽ നിരീക്ഷിക്കുന്നത് തുടങ്ങിയ നിയന്ത്രണങ്ങളാണ് എടുത്തുകളഞ്ഞത്.
ക്വാറൻറീൻ ഒഴിവാക്കിയെങ്കിലും രോഗ ലക്ഷണമില്ലാതെ എത്തുന്നവർ തുടർന്നുള്ള 14 ദിവസവും സ്വയം നിരീക്ഷിക്കണമെന്നും രോഗ ലക്ഷണം പ്രകടമായാൽ സ്വയം ഐസൊലേറ്റ് ചെയ്ത് ആപ്തമിത്ര ഹെൽപ് ലൈനിൽ (14410) അറിയിക്കണമെന്നുമാണ് നിർദേശം. രോഗലക്ഷണത്തോടെ എത്തുന്നവർ ഉടൻ തന്നെ ഐസൊലേഷനിലായി വിവരം അറിയിക്കണം.
മറ്റു സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും കർണാടകയിലേക്ക് വരുന്ന ബിസിനസ് യാത്രക്കാർ, വിദ്യാർഥികൾ, തൊഴിലാളികൾ, കർണാടകയിലൂടെ കടന്നുപോകുന്ന യാത്രക്കാർ തുടങ്ങിയ എല്ലാത്തരം യാത്രക്കാരെയും 14 ദിവസത്തെ ക്വാറൻറീനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെത്തുന്നവർ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കൽ, രണ്ടുമീറ്റർ സാമൂഹിക അകലം, കൈകഴുകൾ അണുവിമുക്തമാക്കൽ തുടങ്ങിയവ ഉറപ്പാക്കണം. രോഗ ലക്ഷണം പ്രകടമായാൽ യാത്രക്കാർ സ്വയം ഐസോലേഷനിലായി അധികൃതരെ വിവരം അറിയിക്കുന്നതിനായി അതാത് ജില്ല ആരോഗ്യവകുപ്പ് പ്രചാരണം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.