വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കി ഭക്തരിൽനിന്ന് ക്ഷേത്ര പൂജാരിമാർ കോടികൾ തട്ടി

ബംഗളൂരു: വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കി ക്ഷേത്ര പൂജാരിമാർ ഭക്തരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തി. കർണാടക കലബുറഗി ജില്ലയിലെ ദേവലഗണപൂർ ക്ഷേത്രത്തിലെ പൂജാരിമാരാണ് വൻ തട്ടിപ്പ് നടത്തിയത്. എട്ടോളം വെബ്‌സൈറ്റുകൾ ഇവർ നിർമിച്ചതായാണ് പൊലീസ് പറയുന്നത്. നാല് വർഷമായി ഇതുവഴി 20 കോടി രൂപയാണ് സംഭാവനയായി സ്വീകരിച്ചത്.

ലഭിക്കുന്ന തുക ഇവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്നീട് മാറ്റുകയാണ് ചെയ്തിരുന്നത്. കൂടാതെ, വിവിധ പൂജകൾക്കും മറ്റ് ചടങ്ങുകൾക്കും 10000 മുതൽ 50000 രൂപ വരെ ഫീസിനത്തിൽ ഈടാക്കിയതായും പൊലീസ് കണ്ടെത്തി.സംസ്ഥാനത്തെ മുഴുറൈ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. കലബുറഗി ഡെപ്യൂട്ടി കമീഷണർ യശ്വന്ത് ഗുരുക്കൾ വികസന സമിതി ചെയർമാനുമാണ്.

ഗുരുക്കറുടെ അധ്യക്ഷതയിൽ അടുത്തിടെ നടന്ന ഓഡിറ്റ് യോഗത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകാൻ എക്സിക്യൂട്ടീവ് ഓഫിസർ നാംദേവ് റാത്തോഡിന് നിർദേശവും നൽകി.രണ്ടായിരത്തിലധികം ഭക്തർ വെബ്‌സൈറ്റുകൾ വഴി പണം അയച്ചതായി സൈബർ ഫോറൻസിക് ഓഡിറ്റിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

ക്ഷേത്രത്തിലെ വഴിപാട് പെട്ടികളിൽ നിന്നും പൂജാരിമാർ പണം തട്ടിയതായും പൊലീസ് സംശയിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. സംഭാവനപ്പെട്ടികളിലെ പണം എണ്ണിയ ദിവസം സി.സി.ടി.വി കാമറകൾ പൂജാരികൾ പ്രവർത്തനരഹിതമാക്കിയെന്നാണ് വിവരം. പ്രതികളായ പൂജാരിമാരിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ കലബുറഗി ഡെപ്യൂട്ടി കമീഷണർ യശ്വന്ത് ഗുരുക്കർ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, പ്രതികളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അഫ്സൽപൂർ താലൂക്കിലെ ഗംഗാപൂർ നദിക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ ദത്താത്രേയ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. വടക്കൻ കർണാടകയിൽ നിന്നും ദിവസവും നിരവധി ഭക്തരെത്തുന്ന പ്രധാന തീർഥാടന കേന്ദ്രമാണിത്.

Tags:    
News Summary - Karnataka: Priests create temple's fake websites, siphons off Rs. 20 crore donations; accused on the run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.