വിവാദ ട്വീറ്റ്: കങ്കണക്കെതിരെ കർണാടക പൊലീസ് കേസെടുത്തു

ബംഗളൂരു: കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള വിവാദ ട്വീറ്റിനെ തുടർന്ന് ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തു. കർണാടകയിലെ തുമകുരു ജില്ലയിലെ ഫസ്​റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതുടർന്നാണ് തുമകുരുവിലെ കൈതസാന്ദ്ര പൊലീസ് കങ്കണക്കെതിരെ കേസെടുത്തത്. കലാപം ഉദ്ദേശിച്ചുള്ള പ്രകോപനം (153), പ്രത്യേക സംഘത്തെ അപകീർത്തിപെടുത്തൽ (153എ), സമാധാനം തകർക്കുന്നതരത്തിൽ മനപൂർവം പ്രകോപിപ്പിക്കൽ (504) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണയും അഭ്യൂഹവും പരത്തി കലാപത്തിന് വഴിവെച്ചവർ, കർഷക ബില്ലുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണ പരത്തി രാജ്യത്ത് തീവ്രവാദ പ്രവർത്തനത്തിന് കാരണക്കാരാവുകയാണെന്നും അവർ തീവ്രവാദികളാണെന്നുമായിരുന്നു സെപ്റ്റംബർ 21ന് കങ്കണയുടെ ട്വീറ്റ്. വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചിരുന്നു.

വിദ്വേഷപരമായ ട്വീറ്റിനെതിരെ അഭിഭാഷകനായ എൻ. രമേശ് നായിക് നൽകിയ ഹരജിയെതുടർന്നാണ് പൊലീസിനോട് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. കർഷക ബില്ലിനെ എതിർക്കുന്നവരെ വേദനിപ്പിക്കുന്നതാണ് നടിയുടെ വിവാദ ട്വീറ്റെന്നും ജനങ്ങൾക്കിടയിൽ മന:പൂർവം പ്രശ്നം സൃഷ്​​ടിക്കാനാണ് ട്വീറ്റിലൂടെ ശ്രമിക്കുന്നതെന്നുമാണ് രമേശ് ഹരജിയിൽ ചൂണ്ടികാട്ടിയത്.

പൊലീസോ സർക്കാറോ നടപടിയെടുത്തില്ലെന്നും 153 എ, 504, 108 വകുപ്പുകൾ ചുമത്തി കേസെടുക്കാൻ നിർദേശിക്കണമെന്നുമായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.