എൻ.സി.പി ലയനം അനിശ്ചിതത്വത്തിൽ

മുംബൈ: അജിത് പവാറിന്റെ നിര്യാണത്തോടെ അനിശ്ചിതത്വത്തിലായി എൻ.സി.പി ലയനം. സുനേത്ര പവാറിനെ അജിത് പക്ഷ നേതാക്കൾ തിരക്കിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാക്കിയത് പവാർ കുടുംബവുമായി ആലോചിക്കാതെയാണെന്നാണ് പ്രതികരണങ്ങൾ. മാധ്യമങ്ങളിലൂടെ കേട്ടതല്ലാതെ ആരും വിവരം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്നാണ് ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞത്.

അജിത് പക്ഷ എൻ.സി.പിയുടെ ആഭ്യന്തര വിഷയങ്ങളാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഇരു വിഭാഗത്തിന്റെയും ലയനത്തെ കുറിച്ചുള്ള ചോദ്യത്തിന് ചർച്ച നടന്നുവരുകയായിരുന്നുവെന്നും ഇപ്പോൾ അത് അനിശ്ചിതത്വത്തിലാണെന്നുമാണ് പവാറിന്റെ മറുപടി. അതേസമയം, ലയനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന മട്ടിലാണ് അജിത് പക്ഷ നേതാക്കളുടെ പ്രതികരണം. തങ്ങളുടെ നേതാക്കളായ ജിതേന്ദ്ര ആവാദ്, ജയന്ത് പാട്ടീൽ എന്നിവരുമായാണ് അജിത് ചർച്ച നടത്തിയതെന്നാണ് പവാർ പക്ഷം പറയുന്നത്. ലയനകാര്യം സുനിൽ തട്കരെ, പ്രഫുൽ പട്ടേൽ അടക്കമുള്ള നേതാക്കളെ അറിയിച്ചതായും തന്റെ തീരുമാനത്തിന് ആരും എതിരല്ലെന്നും അജിത് പറഞ്ഞതായി ജയന്ത് പാട്ടീൽ പറഞ്ഞു.

ഫെബ്രുവരി 12ന് ലയന പ്രഖ്യാപനം നടത്താനിരിക്കുകയായിരുന്നുവെന്ന് പവാറും പറഞ്ഞു. അതേസമയം, ബി.ജെ.പിയുടെ സമ്മർദത്തിന് വഴങ്ങിയാണ് അജിത് പക്ഷ നേതാക്കൾ സുനേത്രയേ തിരക്കിട്ട് ഉപമുഖ്യമന്ത്രിയാക്കിയതെന്നാണ് സംശയിക്കപ്പെടുന്നത്. സുനേത്ര സത്യപ്രതിജ്ഞക്ക് തയാറെടുക്കെ പവാർ തന്റെ നേതാക്കളുമായി ബാരാമതിയിൽ ചർച്ച നടത്തി. ഇതിനിടയിൽ അജിത്തിന്റെ മകൻ പാർഥ പവാർ ശരദ് പവാറിനെ ചെന്നു കണ്ടു.

Tags:    
News Summary - NCP merger in limbo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.