ബെംഗളൂരു: വർധിച്ചുവരുന്ന ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളിലേതുപോലെയുള്ള കർശനമായ ശിക്ഷകൾ വേണമെന്ന് കർണാടക ഹൈക്കോടതി നിരീക്ഷണം. സഹപാഠിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ 23കാരനായ എഞ്ചിനീയറിങ് വിദ്യാർഥിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി വിലയിരുത്തൽ. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജനാധിപത്യത്തിൽ ലഭിക്കുന്ന സ്വാതന്ത്ര്യങ്ങളെ ആളുകൾ പലപ്പോഴും നിസ്സാരമായി കാണുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട കേടതി ചില ഗൾഫ് രാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള കർശനമായ ശിക്ഷകൾ കുറ്റകൃത്യങ്ങൾക്കെതിരായ ശക്തമായ പ്രതിരോധമായിമാറുമെന്നും നിർദ്ദേശിച്ചു.
ജസ്റ്റിസ് ആർ നടരാജ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. ആകസ്മികമായും ആവർത്തിച്ചും ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത വർധിച്ചുവരുന്നതിൽ ജഡ്ജി ആശങ്ക പ്രകടിപ്പിച്ചു. കുറ്റവാളികളെ കർശനമായി കൈകാര്യം ചെയ്യാത്തതിനാൽ ക്രിമിനൽ നിയമങ്ങൾക്ക് "പല്ലുകൾ നഷ്ടപ്പെട്ടതായി" തോന്നുന്നു എന്ന് ജഡ്ജി നിരീക്ഷിച്ചു. ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിയമവ്യവസ്ഥകളെപ്പോലെ, കഠിനമായ ശിക്ഷകൾ പലപ്പോഴും ആളുകളെ നിയമത്തെ ബഹുമാനിക്കാനും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാനും നിർബന്ധിതരാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിയും പരാതിക്കാരനും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളായിരുന്നുവെന്നും കുറച്ചുനാളായി പരിചയക്കാരായിരുന്നുവെന്നും പ്രോസിക്യൂഷൻ പറയുന്നു. 2023 ൽ, തന്നെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിച്ചുവെന്നും അവിടെവെച്ച് പീഡിപ്പിച്ചുവെന്നുമാണ് സ്ത്രീയുടെ പരാതി.
ഇതിനകം രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ഏകദേശം മൂന്ന് വർഷം മുമ്പ് നടന്നതായി പറയപ്പെടുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടതാണ് ആരോപണങ്ങളെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടയാണ് പ്രതി ജാമ്യത്തിന് ശ്രമിച്ചത്. എന്നാൽ ഇളവ് നൽകാൻ കോടതി തയ്യാറായില്ല. പ്രതികൾക്ക് കുറച്ചു ദിവസം കൂടി കസ്റ്റഡിയിൽ തുടരാമെന്നും അടുത്ത വാദം കേൾക്കുമ്പോൾ കോടതി വിഷയം വീണ്ടും പരിശോധിക്കുമെന്നും ജഡ്ജി പറഞ്ഞു. കേസ് ജൂൺ 8 വരെ മാറ്റിവയ്ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.