ഫാസിൽ, സുഹാസ് ഷെട്ടി
മംഗളൂരു: മൂന്ന് വർഷം മുമ്പ് കൊല്ലപ്പെട്ട മുഹമ്മദ് ഫാസിലിന്റെ കുടുംബത്തിന് കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ നൽകിയ സഹായത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ സുഹാസ് ഷെട്ടിയെ വധിക്കാൻ വാടക കൊലയാളികൾക്ക് നൽകിയെന്ന് ആക്ഷേപം. ഫാസിലിന്റെ കുടുംബം സർക്കാർ സഹായം കൊലക്കായി നീക്കിവെച്ചു എന്നാണ് ബി.ജെ.പി വ്യാപകമായി പ്രചാരണം നടത്തുന്നത്.
മുൻ ബി.ജെ.പി സർക്കാർ നഷ്ടപരിഹാരം നൽകുന്നതിൽ കാണിച്ച മത വിവേചനം തിരുത്തി ഫാസിൽ ഉൾപ്പെടെ കൊല്ലപ്പെട്ട ആറു പേരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് സർക്കാർ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു. ദക്ഷിണ കന്നട ജില്ലയിൽ ഒന്നാം സിദ്ധരാമയ്യ ഭരണകാലത്ത് 2018 ജനുവരി മൂന്നിന് കൊല്ലപ്പെട്ട ദീപക് റാവു, മുൻ ബി.ജെ.പി സർക്കാർ ഭരണത്തിൽ 2022 ജൂലൈ 19-ന് ദക്ഷിണ കന്നട ജില്ലയിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽ പുത്തൂർ ആസാദ് നഗർ സ്വദേശി മസൂദ്, 2022 ജൂലൈ 28ന് ബി.ജെ.പി ഭരണത്തിൻ ദക്ഷിണ കന്നട ജില്ലയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫാസിൽ, 2022 ഡിസംബർ 24ന് ബി.ജെ.പി ഭരണത്തിൻ ദക്ഷിണ കന്നട ജില്ലയിൽ കൊല്ലപ്പെട്ട അബ്ദുൾ ജലീൽ, 2023 മാർച്ച് 31ന് ബി.ജെ.പി ഭരണത്തിൻ മാണ്ഡ്യ ജില്ലയിൽ കൊല്ലപ്പെട്ട ഇദ്‍രീസ് പാഷ, 2022 ജനുവരി 17ന് ബി.ജെ.പി ഭരണത്തിൽ ഗഡാക് ജില്ലയിൽ കൊല്ലപ്പെട്ട ഷമീർ എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് 25 ലക്ഷം വീതം കൈമാറിയത്.
ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിരിക്കെ നടന്ന ഏഴ് കൊലപാതകങ്ങളിൽ മതം നോക്കിയായിരുന്നു നഷ്ടപരിഹാരം നൽകിയത്. മലയാളി യുവാവ് മസൂദ് വധത്തിനു പിന്നാലെ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ കുടുംബത്തെ സന്ദർശിച്ച മുഖ്യമന്ത്രി 25 ലക്ഷം രൂപ സർക്കാർ സഹായം കൈമാറുകയും പ്രവീണിന്റെ ഭാര്യ നൂതൻ കുമാരിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി നൽകുകയും ചെയ്തിരുന്നു.
ശിവമോഗയിൽ കൊല്ലപ്പെട്ട ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെയും കുടുംബത്തിനും 25 ലക്ഷം രൂപ സഹായം നൽകി. ഈ വിവേചനമായിരുന്നു ശേഷിച്ച കുടുംബങ്ങൾക്കും തുല്യമായി നൽകി സിദ്ധരാമയ്യ സർക്കാർ തിരുത്തിയത്. എന്നാൽ, ഫാസിലിന്റെ സഹോദരൻ ആദിൽ മഹറൂഫ് സുഹാസ് ഷെട്ടി വധക്കേസിൽ പ്രതിയാണ്. ഇദ്ദേഹവും മറ്റൊരു പ്രതി സഫ്‌വാനും ചേർന്നാണ് അഞ്ചു ലക്ഷം രൂപയുടെ കരാറിൽ കൊലയാളികളെ ഏർപ്പാട് ചെയ്തത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഈ പണം സർക്കാർ നൽകിയ ധനസഹായമാണെന്നാണ് ബി.ജെ.പി ആരോപണം.
ബംഗളൂരു: മൂന്ന് വർഷം മുമ്പ് കൊല്ലപ്പെട്ട മംഗളൂരു കാട്ടിപ്പള്ളയിലെ മുഹമ്മദ് ഫാസിലിന്റെ കുടുംബത്തിന് തന്റെ സർക്കാർ നൽകിയ നഷ്ടപരിഹാരം, പ്രതിയായ ഹിന്ദുത്വ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടവർക്ക് നൽകാൻ ഉപയോഗിച്ചുവെന്ന ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ആഭ്യന്തരമന്ത്രി പരമേശ്വരയുമായും ദക്ഷിണ കന്നട ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവുമായും ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2022ൽ സൂറത്ത്കലിൽ വെച്ച് മുഖംമൂടി ധരിച്ച ഒരു സംഘം ഫാസിലിനെ കൊലപ്പെടുത്തി. സുഹാസ് ഷെട്ടിയാണ് കൊലപാതകക്കേസിലെ ഒന്നാം പ്രതി. ഇയാൾ കൊല്ലപ്പെട്ടതിന്റെ വിശദാംശങ്ങൾ സംബന്ധിച്ച തനിക്ക് ഒരു വിവരവുമില്ല. ശനിയാഴ്ച ദിനേശ് ഗുണ്ടു റാവുവും ആഭ്യന്തരമന്ത്രിയും അവിടെ ഉണ്ടായിരുന്നു. താൻ ഇതുവരെ അവരോട് സംസാരിച്ചിട്ടില്ല. അവരോട് സംസാരിച്ചതിന് ശേഷം പറയാം -സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.