ബംഗളൂരു: മൂന്നു വര്‍ഷത്തെ പോരാട്ടത്തിനോടുവില്‍ മുഖ്യമന്ത്രി പദം അലങ്കരിച്ച ഡി.കെ. ശിവകുമാർ മന്ത്രിസഭക്ക് പുത്തരിയില്‍ കല്ലുകടിയായായി മന്ത്രിയുടെ രാജി പ്രഖ്യാപനം. മന്ത്രിസഭയിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച രാജിപ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. തനിക്ക് അനുവദിച്ച വകുപ്പിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി. രാജി മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിക്കില്ലെന്നും പകരം തന്റെ പേഴ്സണൽ സെക്രട്ടറി വഴി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരദൂതനായി ഹൈക്കമാന്‍ഡ് കണ്ടിരുന്ന ഡി.കെ മന്ത്രിസഭക്ക് തുടക്കത്തില്‍ ഇളക്കം തട്ടുന്ന നെഞ്ചിടിപ്പിലാണ് കര്‍ണാടക കോണ്‍ഗ്രസ്. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞാൽ നഗര വികസന വകുപ്പ് തനിക്ക് നൽകാമെന്ന് 2023 ൽ വാഗ്ദാനം ചെയ്തതായി റെഡ്ഡി പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയിൽ ജലവിഭവ വകുപ്പാണ് രാമലിംഗ റെഡ്ഡിക്കു നല്‍കിയത്. തനിക്ക് ഇക്കാര്യത്തില്‍ ദേഷ്യമില്ല എന്നും നിരാശ മാത്രമേയുള്ളൂവെന്നും മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ മന്ത്രി സ്ഥാനം രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ വകുപ്പ് വിഭജനത്തില്‍ സീനിയോറിറ്റി വേണ്ടത്ര അംഗീകരിച്ചില്ലെന്ന വാദവുമായി സിദ്ധരാമയ്യയുടെ വിശ്വസ്തരുടെ ഗണത്തില്‍ പെട്ട ഭക്ഷ്യവകുപ്പ് മന്ത്രി കെ.എച്ച് മുനിയപ്പയും രംഗത്തെത്തി. ദേവനഹള്ളിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വകുപ്പു വിഭജന വിഷയം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുനിയപ്പ പറഞ്ഞു.
രാജി പ്രഖ്യാപനം നടത്തുന്ന പത്രസമ്മേളനത്തിന് മുമ്പ് കെ.പി.സി.സി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദിന്റെ ദൂതൻ രാമലിംഗ റെഡ്ഡിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ റെഡ്ഡി തന്റെ നിലപാടിൽ ഉറച്ചുനിന്നു. റെഡ്ഡി തന്റെ സുഹൃത്തും മുതിർന്ന നേതാവുമാണെന്ന് രാജി പ്രഖ്യാപന വിഷയത്തില്‍ പ്രതികരിച്ച് ശിവകുമാർ പറഞ്ഞു. താനുമായി റെഡ്ഡി സംസാരിച്ചുവെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഡി.കെ പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന നടക്കുമ്പോഴെല്ലാം ബംഗളൂരു വികസനത്തിന്റെ ചുമതല തനിക്ക് നൽകുമെന്ന് 2023-ൽ നൽകിയ ഉറപ്പിനെക്കുറിച്ച് റെഡ്ഡി മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചതായി റിപ്പോർട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ അന്തിമമാക്കാൻ വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് മുതിർന്ന നേതാവ് ഇറങ്ങിപ്പോയതായും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രി ശിവകുമാറും കെ.പി.സി.സി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദും മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.