ചണ്ഡീഗഢ്: 2020-21ലെ കർഷക സമരത്തിൽ പങ്കെടുത്ത 73കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ പഞ്ചാബിലെ ബത്തിൻഡ കോടതിയിൽ മാപ്പു പറഞ്ഞ് ബി.ജെ.പി എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണാവുത്ത്. പരാതിക്കാരിയുടെ ഭർത്താവിനോടാണ് മാപ്പു പറഞ്ഞതെന്ന് കങ്കണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആ സമയത്ത് പരാതി നൽകിയ മഹീന്ദർ കൗർ കോടതിയിൽ ഉണ്ടായിരുന്നില്ല. വയോധികയെ അധിക്ഷേപിക്കുന്ന സമൂഹ മാധ്യമ പോസ്റ്റിൽ ഖേദിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
മാണ്ഡിയിൽ നിന്നാണ് കങ്കണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കനത്ത സുരക്ഷാവലയത്തിലാണ് കങ്കണ കോടതിയിലെത്തിയത്. വിഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി സമർപ്പിച്ച ഹരജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു.
തുടർന്ന് ഒക്ടോബർ 27ന് കങ്കണ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ലഖ്‌ബീർ സിങ് ഉത്തരവിട്ടു. ഷഹീൻ ബാഗിൽ പ്രതിഷേധം നടത്തിയ ബിൽക്കീസ്ബാനു എന്ന് തന്നെ തെറ്റായി ചിത്രീകരിച്ച് കങ്കണ എക്സിൽ പോസ്റ്റിട്ടുവെന്നും അത് അപകീർത്തിപ്പെടുത്തിയെന്നും കാണിച്ചാണ് മഹീന്ദർ കൗറിന്റെ പരാതി. കർഷകസമരത്തിൽ പങ്കെടുക്കാനായി സ്ത്രീകളെ 100 രൂപ നൽകി കൊണ്ടുവന്നതാണെന്നും കങ്കണ അധിക്ഷേപിച്ചതായി പരാതിയിലുണ്ടായിരുന്നു.
2022 ഫെബ്രുവരിയിൽ ബത്തിൻഡ ജുഡീഷ്യൽ മജിസ്ട്രേറ്റ് സമൻസയച്ച് കങ്കണയോട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. അതിനു പിന്നാലെ തനിക്കെതിരായ മാനനഷ്ടക്കേസും കീഴ്കോടതിയുടെ സമൻസ് ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കങ്കണ 2022 ജൂലൈയിൽ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചു. എന്നാൽ ഹരജിയിൽ കഴമ്പില്ലെന്ന് കണ്ട ഹൈകോടതി അത് തള്ളി. അതിനു ശേഷം കങ്കണ സുപ്രീംകോടതിയെയും സമീപിച്ചു.
ഈ വർഷം സെപ്റ്റംബറിൽ ഹരജി പരിഗണിക്കാൻ സുപ്രീംകോടതിയും വിസമ്മതിച്ചു. തുടർന്ന് കങ്കണയുടെ അഭിഭാഷകൻ ഹരജി പിൻവലിക്കുകയായിരുന്നു.
കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ചണ്ഡീഗഢ് വിമാനത്താവളത്തിൽ നടന്ന സുരക്ഷ പരിശോധനക്കിടെ സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയെ മർദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.