ന്യൂഡല്‍ഹി: വ്യക്തിപരമായ അഭിലാഷങ്ങളാണ് കനയ്യ കുമാറിനെ നയിക്കുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. കമ്യൂണിസ്റ്റ് ആശയങ്ങളേയും പ്രസ്ഥാനത്തേയും കനയ്യ വഞ്ചിച്ചതായും അദ്ദേഹം പറഞ്ഞു. കനയ്യ കുമാറിെൻറ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പാർട്ടി ആസ്ഥാനത്ത് വിളിച്ച വാർത്തസമ്മേളനത്തിലാണ് ഡി. രാജയുടെ പ്രതികരണം.
പാർട്ടിയിൽ ഒരുതരത്തിലുള്ള പ്രശ്നങ്ങളും കനയ്യ ഉയർത്തിയിരുന്നില്ല. അയാൾ പാർട്ടിയിൽനിന്ന് സ്വയം പുറത്തുപോയതാണ്. സി.പി.ഐ എന്ന പ്രസ്ഥാനം വ്യക്തിപ്രഭാവത്തില്‍ വിശ്വസിക്കുന്നില്ല. സി.പി.ഐയെ സംബന്ധിച്ച് കനയ്യ ഇനി അടഞ്ഞ അധ്യായമാണ്. പാര്‍ട്ടി തീര്‍ച്ചയായും മറ്റു പരിപാടികളുമായി മുന്നോട്ടുപോകും. കനയ്യ കുമാറിെന പാർട്ടി പദവികളിൽ നിന്ന് പുറത്താക്കിയതായും ഡി. രാജ അറിയിച്ചു.
കോൺഗ്രസ് പ്രവേശനത്തിനുമുമ്പ് ഇ–മെയിൽ വഴി കനയ്യ പാർട്ടിക്ക് രാജിക്കത്ത് നൽകി. ആശയപരമായും സംഘടനാപരമായും പാർട്ടിയിൽ മുന്നോട്ടുപോകാനാകില്ലെന്ന് രാജിക്കത്തിൽ കനയ്യ പറഞ്ഞു. പട്ന പാർട്ടി ആസ്ഥാനത്തെ മുറിയിൽ സ്വന്തം ചെലവില്‍ സ്ഥാപിച്ച എയർ കണ്ടീഷനർ കഴിഞ്ഞ ദിവസം കനയ്യ കുമാർ അഴിച്ചു കൊണ്ടു പോയിരുന്നു.
സ്വന്തംനിലക്ക് സ്ഥാപിച്ച എ.സിയാണ് കനയ്യ കൊണ്ടുപോയതെന്നും തന്നോട് അനുമതി ചോദിച്ചിരുന്നതായും സി.പി.ഐ ബിഹാർ സെക്രട്ടറി റാം നരേഷ് പാണ്ഡെ പറഞ്ഞു. കനയ്യ കോൺഗ്രസിൽ ചേരുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നെങ്കിലും സി.പി.ഐ നേതാക്കൾ വിശ്വസിച്ചിരുന്നില്ല. സെപ്റ്റംബർ നാലിനും അഞ്ചിനും ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ നിർവാഹകസമിതിയിൽ കനയ്യ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.