ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന്‍ അടക്കം ആറു പേരാണ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈ സെക്രട്ടേറിയറ്റിൽ വെച്ച് റിട്ടേണിങ് ഓഫീസര്‍ ബി സുബ്രഹ്മണ്യം ജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് ഇവർക്ക് കൈമാറി. കമല്‍ഹാസന് പുറമെ ഡി.എം.കെയിലെ മൂന്നുപേരും എ.ഐ.എ.ഡി.എം.കെയിലെ രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തമിഴ്‌നാട്ടില്‍ ഡി.എം.കെ നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയായാണ് കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി വില്‍സണ്‍, സല്‍മ, എസ്.ആര്‍ ശിവലിംഗം എന്നിവരാണ് ഡി.എം.കെ ടിക്കറ്റില്‍ വിജയിച്ചത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളായ ഐ.എസ് ഇമ്പദുരൈ, എം.ധനപാല്‍ എന്നിവരാണ് മറ്റു രണ്ടുപേർ. ആറ് എം.പിമാരും 2031 ജൂലൈ വരെ ആറ് വർഷത്തേക്ക് സ്ഥാനത്ത് തുടരും. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് എം.പിമാരും സന്നിഹിതരായിരുന്നു.
തമിഴ്‌നാട്ടില്‍ ഒഴിവുണ്ടായിരുന്ന ആറ് സീറ്റുകളിലേക്കായി ആകെ 13 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയില്‍ ഇതില്‍ ഏഴു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളുകയായിരുന്നു. ആവശ്യമായ രേഖകള്‍ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കാതിരുന്നതാണ് പത്രിക തള്ളാന്‍ കാരണമെന്ന് വരണാധികാരി അറിയിച്ചു.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡി.എം.കെ നോമിനികളായ പി.വില്‍സണ്‍, സല്‍മ, ശിവലിംഗം എന്നിവര്‍ മുന്‍ മുഖ്യമന്ത്രിമാരും ഡി.എം.കെയുടെ നേതാക്കന്മാരുമായിരുന്ന സി.എന്‍ അണ്ണാദുരൈ, എം.കരുണാനിധി എന്നിവരുടെ സ്മാരകങ്ങളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ട ഇമ്പദുരൈ, ധനപാല്‍ എന്നിവര്‍ പാര്‍ട്ടി ഓഫീസിലെ എം.ജി.ആറിന്റെയും ജയലളിതയുടേയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.