സിന്ധ്യ ബി.ജെ.പിയിലെ 'ബാക്ക് ബെഞ്ചർ'; 'കോൺഗ്രസിനൊപ്പമായിരുന്നെങ്കിൽ മുഖ്യമന്ത്രി ആകുമായിരുന്നു -രാഹുൽ
ന്യൂഡൽഹി: ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്ക് കോൺഗ്രസിനൊപ്പമായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സിന്ധ്യ ബി.ജെ.പിയിൽ ഒരു ബാക്ക് ബെഞ്ചറായി മാറിയെന്നും അദ്ദേഹം പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിങ്ങിനോട് സംസാരിക്കുകയായിരുന്നു രാഹുൽ.
''കോൺഗ്രസിനൊപ്പം തുടർന്നിരുന്നെങ്കിൽ അദ്ദേഹം (സിന്ധ്യ) മുഖ്യമന്ത്രിയാവുമായിരുന്നു. പക്ഷെ ബി.ജെ.പിയിൽ അദ്ദേഹം ഒരു ബാക്ക് ബെഞ്ചറായി മാറി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക് അവസരമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു - ഒരു ദിവസം നിങ്ങൾ മുഖ്യമന്ത്രിയാകുമെന്ന്. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു.'' -രാഹുൽ പറഞ്ഞു.
'' എഴുതി വച്ചോളൂ, അദ്ദേഹം ഒരിക്കലും അവിടെ(ബി.ജെ.പിയിൽ) മുഖ്യമന്ത്രിയാകില്ല. അതിനായി അദ്ദേഹം ഇവിടെ(കോൺഗ്രസിൽ) തിരിച്ചെത്തേണ്ടിവരും.'' -എന്ന് രാഹുൽ പറഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ യുവാക്കേളാട് ആഹ്വാനം ചെയ്ത രാഹുൽ ആരേയും ഭയക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം മാർച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.