രാഷ്ട്രപതി ഭവനിൽ, ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് മിശ്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു
ന്യൂഡൽഹി: ഹരിയാനയിലെ ഹിസാർ ജില്ലയിൽനിന്ന് 40 വർഷം മുമ്പ് സാധാരണ അഭിഭാഷകനായി തുടങ്ങിയ ജീവിതമായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റേത്. അതിപ്പോൾ എത്തിനിൽക്കുന്നത് രാജ്യത്തെ 53ാമത്തെ ചീഫ് ജസ്റ്റിസ് എന്ന പദവിയിലാണ്. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയൂം വഴികളിലൂടെ സഞ്ചരിച്ചപ്പോൾ സാധ്യമായതാണതെന്ന് അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ഹിസാറിലെ പെട്വാർ എന്ന ഗ്രാമത്തിലെ മധ്യവർഗ കുടുംബത്തിലായിരുന്നു സൂര്യകാന്തിന്റെ ജനനം. സംസ്കൃത അധ്യാപകനായിരുന്നു പിതാവ്. മാതാവ് വീട്ടമ്മയും. 1984ൽ ഹരിയാനയിലെ റോഹ്ത്തക്കിൽനിന്ന് നിയമബിരുദം നേടിയ സൂര്യകാന്ത് തൊട്ടടുത്ത നഗരത്തിൽ അഭിഭാഷനായി പ്രാക്ടീസ് ആരംഭിക്കുകയായിരുന്നു. ഒരു വർഷം അവിടെ ചെലവഴിച്ചശേഷമാണ് പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ വരുന്നത്. തുടർന്ന് 15 വർഷം അവിടെ പ്രാക്ടീസ് ചെയ്തു.
2000ത്തിൽ ഹരിയാനയിലെ അഡ്വക്കറ്റ് ജനറായി നിയമിതനാകുന്നതോടെ സൂര്യകാന്തിന്റെ കോടതി ജീവിതത്തിന്റെ മറ്റൊരു ഘട്ടം ആരംഭിക്കുന്നു. അപ്പോൾ അദ്ദേഹത്തിന് പ്രായം 38. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറൽ എന്ന റെക്കോഡും അതുവഴി ലഭിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ ഹൈകോടതി ജഡ്ജിയുമായി. പഞ്ചാബ്-ഹരിയാന കോടതിയിലായിരുന്നു ആദ്യ നിയമനം. 2018 വരെ അവിടെ ചെലവഴിച്ചു. ഇതിനിടയിൽ നാലുവർഷം ദേശീയ ലീഗൽ സർവിസ് അതോറിറ്റി അംഗവുമായി. 2018ൽ, ഹിമാചൽ ഹൈകോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു. 2019ൽ സുപ്രീംകോടതിയിലെത്തി.
ചരിത്രപരമായ വിധി പ്രസ്താവങ്ങൾ
ഇന്ത്യൻ ജുഡീഷ്യറിയുടെതന്നെ ചരിത്രത്തിൽ അതിനിർണായകമായ ഒട്ടേറെ കേസുകളിൽ സൂര്യകാന്ത് വിധി പറഞ്ഞിട്ടുണ്ട്. 2014ൽ ഹരിയാന ഹൈകോടതി ജഡ്ജിയായിരിക്കെ അദ്ദേഹം നടത്തിയ ഒരു ഇടപെടലായിരുന്നു അക്കൂട്ടത്തിൽ ആദ്യത്തേത്. ജയിലിലടക്കപ്പെട്ട ദമ്പതികൾ തങ്ങൾക്ക് കുഞ്ഞുണ്ടാകാനുള്ള അവകാശത്തിനായി ഹൈകോടതിയെ സമീപിച്ചപ്പോഴായിരുന്നു അത്. ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അവർക്ക് അതിനുള്ള അവകാശമുണ്ടെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം.
സുപ്രീംകോടതിയിൽ രാജ്യം കാതോർത്ത ഒട്ടേറെ ഹരജികളിൽ അദ്ദേഹം വിധി പറഞ്ഞു. അതിൽ ഏറ്റവും പ്രധാനം കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്നു ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനം ശരിവെച്ചുള്ള വിധിയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം കേവലമായ അവകാശമല്ലെന്നും അതിനു പരിധികളുണ്ടെന്നുമുള്ള വിധിയും സൂര്യകാന്തിന്റേതായിരുന്നു. ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചതും ബിഹാർ എസ്.ഐ.ആറിൽ വെട്ടിമാറ്റിയ 65 ലക്ഷം വോട്ടർമാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ നിർദേശിച്ചതും പെഗസസ് ചാര സോഫ്റ്റ് വെയറിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതും ‘വൺ റാങ്ക് വൺ പെൻഷൻ’ ഭരണഘടനാപരമെന്ന് വിധിച്ചതും ഡൽഹി മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചതുമെല്ലാം സൂര്യകാന്ത്കൂടി ഉൾപ്പെട്ട ബെഞ്ചായിരുന്നു. ഏറ്റവും ഒടുവിൽ, ഗവർണർമാർ ബിൽ അനിശ്ചിതമായി തടഞ്ഞുവെക്കുന്നതിനെതിരായ സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതിയുടെ റഫറൻസിൽ വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് ഉണ്ടായിരുന്നു.
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഞ്ചംഗ സുപ്രീംകോടതി കൊളീജിയത്തിന്റെ തലവൻ. മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഞായറാഴ്ച സ്ഥാനമൊഴിഞ്ഞതോടെയാണിത്. സുപ്രീംകോടതി ജഡ്ജിമാരെയും ഹൈകോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റവും തീരുമാനിക്കുന്ന അഞ്ചംഗ കൊളീജിയത്തിൽ ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ വിക്രം നാഥ്, ബി.വി. നാഗരത്ന, ജെ.കെ. മഹേശ്വരി, എം.എം. സുന്ദരേശ് എന്നിവരാണുള്ളത്. ഹൈകോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന മൂന്നംഗ കൊളീജിയത്തിൽ ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ വിക്രം നാഥും ബി.വി. നാഗരത്നയുമാണ് അംഗങ്ങൾ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിരമിക്കുന്നതോടെ ജസ്റ്റിസ് ജെ.ബി. പർദിവാല കൊളീജിയത്തിൽ അംഗമാകും. 2026 ജൂൺ 28ന് ജസ്റ്റിസ് മഹേശ്വരി വിരമിക്കുന്നതോടെ കൊളീജിയത്തിൽ ജസ്റ്റിസ് പി.എസ്. നരസിംഹ അംഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.