ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ ജാതി പീഡനമുണ്ടെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് കോടതിയലക്ഷ്യ നടപടി നേരിടുന്ന കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും തിങ്കളാഴ്ച ബെഞ്ച് മുമ്പാകെ ഹാജരായില്ല. തന്‍െറ ഭാഗം ബോധിപ്പിക്കാന്‍ അദ്ദേഹം അഭിഭാഷകനെയും സുപ്രീംകോടതിയിലേക്കയച്ചില്ല. എന്തു കാരണം കൊണ്ടാണ് ജസ്റ്റിസ് കര്‍ണന്‍ ഹാജരാകാതിരുന്നത് എന്നറിയില്ളെന്ന് പറഞ്ഞ ഏഴംഗ ബെഞ്ച് കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നല്‍കാന്‍ മാര്‍ച്ച് 10 വരെ സമയം അനുവദിച്ചു. സുപ്രീംകോടതി രജിസ്ട്രാര്‍ ജനറലിന് ജസ്റ്റിസ് കര്‍ണന്‍ അയച്ച കത്തും ബെഞ്ച് കേസിന്‍െറ ഭാഗമാക്കി രേഖപ്പെടുത്തി. ജസ്റ്റിസ് കര്‍ണന്‍ ഹാജരാകാതിരുന്നതോടെ അദ്ദേഹത്തിനെതിരായ കുറ്റാരോപണം കാഠിന്യമേറിയതാണെന്ന് മദ്രാസ് ഹൈകോടതിക്കുവേണ്ടി ഹാജരായ അഡ്വ. കെ.കെ. വേണുഗോപാല്‍ ബോധിപ്പിച്ചു.
തനിക്കെതിരായ കോടതിയലക്ഷ്യ നടപടി നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും സ്വാഭാവിക നീതിക്കെതിരാണെന്നുമാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതി രജിസ്ട്രാര്‍ ജനറലിന് അയച്ച കത്തില്‍ പറഞ്ഞത്. ഈ വിഷയം അടിയന്തരമായി പാര്‍ലമെന്‍റിന് വിടുകയോ ചീഫ് ജസ്റ്റിസ് കേഹാര്‍ വിരമിച്ചശേഷം പരിഗണിക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഹൈകോടതി സിറ്റിങ് ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല. തന്‍െറ ഭാഗം കേള്‍ക്കുകപോലും ചെയ്യാതെ അയച്ച നോട്ടീസ് അംഗീകരിക്കാനാവില്ളെന്നും ജസ്റ്റിസ് കര്‍ണന്‍ ചൂണ്ടിക്കാട്ടി. നീതിന്യായവ്യവസ്ഥയില്‍ ജാതി പീഡനവും അഴിമതിയുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതിയിലെയും മദ്രാസ് ഹൈകോടതിയിലെയും വിരമിച്ചവര്‍ അടക്കമുള്ള 20 ജഡ്ജിമാരുടെ പേര് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതാണ് രാജ്യത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി ഒരു സിറ്റിങ് ജഡ്ജിക്കെതിരായ കോടതിയലക്ഷ്യ നടപടിയിലേക്ക് നയിച്ചത്.
തുടര്‍ന്ന് 13ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്‍െറ നിര്‍ദേശം. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ കോടതിയില്‍ ഹാജരാകരുതെന്നും ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.