കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

‘ജോലി നിരസിക്കണോ അതോ നരകത്തിൽ പോണോ എന്നത് അവരുടെ ഇഷ്ടം’; നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡൽഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ നിഖാബ് വലിച്ചു താഴ്ത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തിയ ആയുഷ് ഡോക്ടർ നുസ്രത്ത് പർവീൺ ജോലി സ്വീകരിക്കില്ല എന്നറിയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

‘നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമന ഉത്തരവു കൈപ്പറ്റാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടതല്ലേ? പാസ്പോർട്ട് ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ മുഖം കാണിക്കാറില്ലേ? സർക്കാർ ജോലി നിരസിക്കണോ അതോ നരകത്തിൽ പോകണോ എന്ന് ആ സ്ത്രീക്കു തീരുമാനിക്കാം.’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടാതെ ഇത് മുസ്‌ലിം രാജ്യമാണോ എന്നും ഇന്ത്യ നിയമവാഴ്ച പിന്തുടരുന്ന രാജ്യമാണെന്നും സിങ് പറഞ്ഞു. ഒരു രക്ഷകർത്താവ് ചെയ്യുന്നതുപോലെ മാത്രമേ നിതീഷ് കുമാർ ചെയ്തിട്ടുള്ളൂ എന്ന് പറഞ്ഞാണ് നിതീഷ് കുമാറിന്റെ പ്രവൃത്തിയെ ഗിരിരാജ് സിങ് ന്യായീകരിച്ചത്.

ഗിരിരാജ് സിങിന്റെ പ്രസ്താവനക്ക് പിന്നാലെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തു വന്നു. കേന്ദ്രമന്ത്രിയുടേത് മോശം മാനസികാവസ്ഥയാണെന്ന് കോൺഗ്രസ് എം.പി താരിഖ് അൻവർ പറഞ്ഞു. ഇന്ത്യ മതേതര രാജ്യമാണെന്ന് അവർക്ക് അറിയില്ലെന്നും താരിഖ് അൻവർ പറഞ്ഞു. മന്ത്രിയുടെ വൃത്തികെട്ട വായ ഫിനൈൽ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഉമ്മമാരുടേയും സഹോദരിമാരുടേയും നിഖാബ് തൊടാനുള്ള ധൈര്യം നിങ്ങൾക്കില്ലെന്നും പി.ഡി.പി നേതാവ് ഇൽത്തിജ മുഫ്തി വ്യക്തമാക്കി.

പുതുതായി നിയമനം ലഭിച്ച ആയുഷ് ഡോക്ടറുടെ നിഖാബാണ് സ്റ്റേജിൽവെച്ച് നിതീഷ് കുമാർ ഊരിമാറ്റിയത്. നിയമന ഉത്തരവ് കൈമാറാൻ ഡോക്ടറെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയപ്പോഴായിരുന്നു സംഭവം. നിയമന ഉത്തരവ് കൈമാറിയ നിതീഷ് കുമാർ യുവതിയോട് നിഖാബ് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ഏതെങ്കിലും തരത്തിൽ യുവതിക്ക് പ്രതികരിക്കാൻ കഴിയുന്നതിന് മുമ്പുതന്നെ നിതീഷ് കുമാർ അവരുടെ മുഖത്തുനിന്നും ബലമായി നിഖാബ് പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ​ പ്രചരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന നിലപാടിലാണ് നുസ്രത്ത് പർവീണെന്ന് സഹോദരൻ അറിയിച്ചിരുന്നു.

Tags:    
News Summary - Giriraj Singh backs Nitish after hijab row as Bihar doctor declines state job service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.