ന്യൂഡൽഹി: ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് വിമാനത്താവളം അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളിൽ കടുത്ത തണുപ്പും മൂടൽമഞ്ഞും അനുഭവപ്പെടുന്നുണ്ട്. ദൃശ്യപരിധി കുറഞ്ഞതിനാൽ കാറ്റഗറി മൂന്ന് അനുസരിച്ച് ആണ് ഡൽഹി വിമാനത്താവളം ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിന് മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് ഇൻഡിഗോ, എയർ ഇന്ത്യ അടക്കമുള്ള വിമനക്കമ്പനികളും യാത്രാക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. മൂടൽമഞ്ഞിനോടൊപ്പം വായു മലിനീകരണം കൂടി തുടരുന്നതും വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വിമാന സർവീസുകൾ വൈകുന്നതുമൂലം യാത്രാക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എക്സിലൂടെ എയർ ഇന്ത്യ യാത്രാക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അപ്രതീക്ഷിതമായ കാലതാമസങ്ങളോ റദ്ദാക്കലുകളോ ഉണ്ടായാൽ, ഗ്രൗണ്ട് സ്റ്റാഫ് യാത്രാക്കാരെ സഹായിക്കുകയും ബദൽ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്യും.
അഡ്വാൻസ് അലെർട്ടിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചില വിമാനങ്ങളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് ബാധിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി അറിയിപ്പുകൾ ലഭിക്കുന്നതിന് എയർലൈൻസ് ആരംഭിച്ച ഒരു സംരംഭമാണിത്. ഈ യാത്രക്കാർക്ക് അധിക പണം നൽകാതെ തന്നെ അവരുടെ വിമാനം മാറ്റാനോ ടിക്കറ്റിന്റെ മുഴുവൻ റീഫണ്ടിനും അപേക്ഷിക്കാനോ കഴിയും.
അതേസമയം, വായുമലിനീകരണത്തെ തുടർന്ന് ആദ്യ ദിവസം 3746 വാഹനങ്ങൾക്കാണ് ഡൽഹിയിൽ പിഴ ചുമത്തിയത്.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. രണ്ട് ദിവസത്തിനിടെ 61,912 വാഹനങ്ങളാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുത്തത്. നിയന്ത്രണം ഫലപ്രദമാണെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി. ഡൽഹി അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത 568 വാഹനങ്ങൾ ഇന്നലെ തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.