ലക്നൗ: ലിവ് ഇൻ റിലേഷൻഷിപ്പ് നിയമവിരുദ്ധമോ കുറ്റകരമോ അല്ലെന്ന് അലഹബാദ് ഹൈകോടതി നിർണായകമായ വിധിനിർണയത്തിൽ പറഞ്ഞു. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ദാമ്പത്യബന്ധത്തേക്കാൾ വലുതാണെന്ന് കോടതി പറഞ്ഞു. കോടതി ഒരു ഡസനോളം പേർക്ക് ലിവ് ഇൻ റിലേഷൻഷിപ്പിന് അംഗീകാരം കൊടുത്തു.
ജസ്റ്റിസ് വിവേക് കുമാറിന്റെ സിംഗിൾ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ലിവ് ഇൻ റിലേഷൻഷിപ്പ് എന്ന ആശയം എല്ലാവർക്കും അംഗീകരിക്കാനായെന്നു വരില്ല. എന്നാൽ അതൊരു നിയമവിരുദ്ധമായ ബന്ധമാണെന്ന് പറയാൻ കഴിയില്ല. വിവാഹം കഴിക്കാതെ പരസ്പര ധാരണയോടെ ജീവിക്കുന്നത് ഒരു കുറ്റകൃത്യമായി കാണാനും കഴിയില്ല.
സ്‍ത്രീകളെ ഗാർഹിക പീഡനത്തിൽ നിന്ന് സംരക്ഷിക്കുന്ന 2005ലെ നിയമപ്രകാരം വിവാഹിതക്കും സംരക്ഷണം നൽകുന്നു. എന്നാൽ കൗതുകകരമായ കാര്യം ഈ നിയത്തിൽ ഭാര്യ എന്ന പദം പറയുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഈ നിയമപ്രകാരം ലിവ് ഇൻ പാർട്ണർക്കും അവരുടെ കുട്ടികൾക്കും ഇതേ സംരക്ഷണം ഭരണഘട ഉറപ്പ് നൽകുന്നു.
ആർട്ടിക്കിൾ 21 എല്ലാ പൗരൻമാർക്കും ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഉറപ്പ് നൽകുന്നു. തെരഞ്ഞെടുപ്പിനുള്ള അവകാശവും അതിൽ ഉറച്ചു നിൽക്കാനുള്ള തീരുമാനവും അതിൽ നിന്ന് വേർപെട്ടതല്ല. വ്യക്തിയുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അത് എതിരല്ല.
പ്രായപൂർത്തിയായ ഒരാൾക്ക് തന്റെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ മറ്റൊരാൾക്കോ കുടുംബത്തിലെ മറ്റൊരാൾക്കോ എതിർക്കാൻ അവകാശമില്ല. അവരുടെ സ്വതന്ത്രമായ ജീവിതത്തെ തടസ്സപ്പെടുത്താനും പാടില്ലെന്നും കോടതി പറഞ്ഞു.
ഇവരുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അധികാരം രാജ്യത്തിനുണ്ടായിരിക്കും. വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചവർക്ക് അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുക എന്നത് നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.