സുബീൻ ഗാർഗിന്റെ മരണം: ഇന്ത്യയിൽ കൊലക്കുറ്റം ചുമത്തിയിട്ടും കൊലയിലേക്കു നയിക്കുന്ന തെളിവുകൾ കണ്ടെത്താനാവാതെ സിംഗപ്പൂർ പൊലീസ്

സിംഗപ്പൂർ സിറ്റി: ഇന്ത്യയിൽ നാലു പേർക്കെതിരെ കൊലക്കുറ്റം ചമത്തിയിട്ടും അസമീസ് ഗായകന്റെ ദുരൂഹ മരണത്തിൽ തെളിവുകൾ കണ്ടെത്താനാവാതെ സിംഗപ്പൂർ പൊലീസ്. സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പക്ഷേ ഇതുവരെ ഒരു ആക്രമണവും നടന്നതായി തെളിവില്ലെന്നുമാണ് സിംഗപ്പൂർ പൊലീസ് പറയുന്നത്. തങ്ങളുടെ കണ്ടെത്തലുകൾ സിംഗപ്പൂരിലെ സ്റ്റേറ്റ് ‘കൊറോണർക്ക്’ സമർപ്പിക്കുമെന്നും അടുത്ത വർഷം ആദ്യ മാസങ്ങളിൽ കൊറോണർ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സെപ്റ്റംബർ 19 നാണ് സിംഗപ്പൂരിൽ കടലിൽ നീന്തുന്നതിനിടെ ഗാർഗ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2010 ലെ സിംഗപ്പൂർ കൊറോണേഴ്‌സ് ആക്ട് അനുസരിച്ച് കേസ്  സിംഗപ്പൂർ പൊലീസ് ഫോഴ്‌സ് (എസ്.പി.എഫ്) അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ‘ഇതുവരെയുള്ള ഞങ്ങളുടെ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഗാർഗിന്റെ മരണത്തിൽ ദുരൂഹത കണ്ടെത്താനായില്ല എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

കൊറോണറുടെ നേതൃത്വത്തിൽ നടത്തുന്ന വസ്തുതാന്വേഷണ സംഘം അതിന്റെ കണ്ടെത്തലുകൾ പരസ്യമാക്കുമെന്ന് എസ്‌.പി.‌എഫ് പറഞ്ഞു. കേസിൽ സമഗ്രവും പ്രൊഫഷണലുമായ അന്വേഷണം നടത്താൻ സിംഗപ്പൂർ പൊലീസ് പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു. 

സെപ്റ്റംബർ 20 ന് സൺടെക് സിംഗപ്പൂർ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന നാലാമത് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ സംഗീത പരിപാടി അവതരിപ്പിക്കേണ്ടതായിരുന്നു ഗാർഗ്.

ഗാർഗിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ ഒരു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗായകന്റെ സെക്രട്ടറി സിദ്ധാർത്ഥ ശർമ്മ, ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകനു മഹന്ത എന്നിവരുൾപ്പെടെ നാല് പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.

പ്രതികളായ ശ്യാംകാനു മഹന്ത നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകനായിരുന്നു. ശർമ ഗായകന്റെ സെക്രട്ടറിയായിരുന്നു. ശേഖർ ജ്യോതി ഗോസ്വാമിയും അമൃത്പ്രവ മഹന്തയും ഗാർഗിന്റെ ബാൻഡിലെ അംഗങ്ങളായിരുന്നു. സുബീന്റെ ബന്ധുവും സസ്‌പെൻഷനിലായ അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

 ഗായകന്റെ മരണം അന്വേഷിക്കാൻ അസം സർക്കാർ ഡി.ജി.പി എം.പി ഗുപ്തയുടെ നേതൃത്വത്തിൽ ​പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഗാർഗിന്റെ മരണം വ്യക്തമായ കൊലപാതകം ആണെന്ന് അടുത്തിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - Zubeen Garg's death: Singapore police unable to find evidence leading to murder despite being charged with murder in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.