ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു ലക്ഷം രൂപ തലക്ക് വിലയിട്ട മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു. ഭൈരംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഡ്വാഡ-കോട്ട്മെറ്റ വനമേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ റിസർവ് ഗാർഡ് നടത്തിയ തിരച്ചിലിനിടെയാണ് എറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിനു ശേഷം നടത്തിയ തിരച്ചിലിൽ മൃതദേഹവും തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. മാവോയിസ്റ്റ് ഭൈരംഗഡ് ഏരിയ കമ്മിറ്റി അംഗമായ ഫാഗ്നു മദ്‌വി (35) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ തലക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. സംഭവസ്ഥലത്തുനിന്ന് തോക്കുകൾ, സ്കാനർ സെറ്റുകൾ, റേഡിയോ, മെഡിക്കൽ കിറ്റ്, ലഘുലേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തു.
ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ വിവിധ ഏറ്റുമുട്ടലുകളിലായി 285 നക്സലൈറ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 256 പേരും ബിജാപൂർ ഉൾപ്പെടുന്ന ഏഴ് ജില്ലകൾ അടങ്ങുന്ന ബസ്തർ ഡിവിഷനിലാണ്. കഴിഞ്ഞ വ്യാഴാഴ്ച സുഖ്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലൈറ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.