ഡൽഹി ഗ്യാസ് ചേംബറായിട്ടും വായു മലിനീകരണവും ശ്വാസകോശ രോഗങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ഡാറ്റയൊന്നുമില്ലെന്ന് മോദി സർക്കാർ

ന്യൂഡൽഹി: ഡൽഹയിൽ വായുമലിനീകരണവും അനുബന്ധ രോഗങ്ങളും റോക്കറ്റുപോലെ കുതിച്ചുയർന്നിട്ടും ഇവ തമ്മിൽ ബന്ധമുള്ളതായി കാണിക്കുന്ന ഡാറ്റയൊന്നും ഇല്ലെന്ന് കേന്ദ്ര സർക്കാർ. ഉയർന്ന വായു ഗുണനിലവാര സൂചികയും ശ്വാസകോശ രോഗങ്ങളും തമ്മിൽ നേരിട്ട് ബന്ധം സ്ഥാപിക്കുന്ന നിർണായക ഡാറ്റയൊന്നുമില്ലെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ അറിയിച്ചു. അതേസമയം, വായു മലിനീകരണം ശ്വസന-അനുബന്ധ രോഗങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളിലൊന്നാണെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ് സമ്മതിച്ചു.

ഡൽഹി-എൻ‌.സി.‌ആറിൽ അപകടകരമായ വായു ഗുണനിലവാര സൂചികയിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ ശേഷിയിൽ എന്ന​ന്നേക്കുമായുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങളും മെഡിക്കൽ പരിശോധനകളും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സർക്കാറിന് അറിയാമോ എന്ന് അന്വേഷിച്ച ബി.ജെ.പി എം.പി ലക്ഷ്മികാന്ത് ബാജ്‌പേയിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ്.

നല്ല എ.ക്യു.ഐ ലെവലുകളുള്ള നഗരങ്ങളിലെ ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡൽഹി-എൻ.‌സി.‌ആറിലെ പൗരന്മാരിൽ ശ്വാസകോശ ഇലാസ്തികത ഏകദേശം 50 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും പൾമണറി ഫൈബ്രോസിസ്, സി.‌ഒ.പി.‌ഡി, എംഫിസെമ, ശ്വാസകോശ ക്ഷമത കുറയൽ, തുടർച്ചയായി ശ്വാസകോശ ഇലാസ്തികത കുറയൽ തുടങ്ങിയ മാരകമായ രോഗങ്ങളിൽ നിന്ന് ഡൽഹിയിലെ ദശലക്ഷക്കണക്കിന് നിവാസികളെ രക്ഷിക്കാൻ സർക്കാറിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്നും ബാജ്‌പേയി ചോദിച്ചു.

പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ ഓഫിസർമാർ, നഴ്‌സുമാർ, നോഡൽ ഓഫിസർമാർ, സെന്റിനൽ സൈറ്റുകൾ, ആശ പോലുള്ള മുൻനിര പ്രവർത്തകർ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ദുർബല ഗ്രൂപ്പുകൾ, ട്രാഫിക് പൊലീസ്, മുനിസിപ്പൽ തൊഴിലാളികൾ തുടങ്ങിയ തൊഴിൽപരമായി അപകടസാധ്യതയുള്ളവർക്കായി വായു മലിനീകരണ വിഷയത്തിൽ പരിശീലന മൊഡ്യൂളുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

വായു മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങളെ ലക്ഷ്യം വെച്ചുള്ള വിവരങ്ങൾ, വിദ്യാഭ്യാസം, ആശയവിനിമയം ​എന്നിവ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ദേശീയ കാലാവസ്ഥാ വ്യതിയാന പരിപാടി വഴി വിവിധ ദുർബല വിഭാഗങ്ങൾക്കായി വിവര മെറ്റീരിയലുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും സിങ് പറഞ്ഞു.

വായു മലിനീകരണത്തെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും മുന്നറിയിപ്പുകളും വായു ഗുണനിലവാര പ്രവചനങ്ങളും ഇന്ത്യാ കാലാവസ്ഥാ വകുപ്പ് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വിതരണം ചെയ്യുന്നുണ്ടെന്നും ദുർബല ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയെയും സമൂഹങ്ങളെയും സജ്ജമാക്കാൻ സഹായിക്കുന്നതിന് ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വായു ഗുനിലവാര സൂചിക അളക്കുന്ന ഉപകരണങ്ങളിൽ വ്യാപകമായി കൃത്രിമത്വം നടത്തുന്നുവെന്നും അവ പലയിടങ്ങളിൽനിന്നും എടുത്തു മാറ്റുന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.

ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ രൂപത്തിൽ ശുദ്ധമായ പാചക ഇന്ധനം നൽകിക്കൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന ലക്ഷ്യമിടുന്നതെന്നും, സർക്കാറിന്റെ സ്വച്ഛ് ഭാരത് മിഷൻ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരുവുകളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വൃത്തിയാക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Despite Delhi being a gas chamber, there is no data establishing a link between air pollution and respiratory diseases, says Modi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.