കൊൽക്കത്ത: വെറും 600 രൂപക്ക് മൂന്നു മണിക്കൂറിനുള്ളിൽ കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലെത്താം. ഐ.ഐ.ടി മദ്രാസും സ്റ്റാർട്ടപ്പ് കമ്പനിയായ വാട്ടർഫ്ലൈ ടെക്നോളജീസുമാണ് സ്വപ്ന പദ്ധതിയുമായി രംഗത്തു വന്നത്.
നിലവിൽ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. 2026ഓടെ ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്ന 20 സീറ്റർ മോഡൽ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനായ കേശവ് ചൗധരി ഈ ആശയത്തിന് പിന്നിലെ യുക്തി വിശദീകരിച്ചു.
പ്രത്യേക വിമാനം ജലോപരിതലത്തിന് വളരെ അടുത്തായി പറക്കുമെന്നും അതുവഴി ഗ്രൗണ്ട് ഇഫക്റ്റ് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വിമാനങ്ങൾ കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പറക്കാൻ 2.5 മുതൽ മൂന്ന് ടൺ വരെ ഏവിയേഷൻ ടർബൈൻ ഇന്ധനം ഉപയോഗിക്കുന്നു. വാട്ടർഫ്ലൈയുടെ സീഗ്ലൈഡറിന് ഈ ചെലവ് ഗണ്യമായി കുറക്കാൻ കഴിയും. ഇതുവഴി താങ്ങാനാവുന്ന നിരക്കിന് ടിക്കറ്റ് നൽകാനാവും.
പദ്ധതിക്ക് ഐ.ഐ.ടി മദ്രാസ് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. കൂടാതെ പ്രതിരോധ മേഖലയിൽ നിന്ന് കൂടുതൽ ധനസഹായം സ്വരൂപിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്. ഭാവിയിൽ ചരക്ക്, ഷിപ്പിംഗ്, നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവക്കും ഈ പദ്ധതി പ്രയോഗിക്കാൻ കഴിയും.
അതിനിടെ, വ്യവസായി ആനന്ദ് മഹീന്ദ്രയും പദ്ധതിയിൽ സന്തോഷം പ്രകടിപ്പിച്ച് എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തു. ‘താൻ വളയെധികം ആകൃഷ്ടനായെന്നും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ സിലിക്കൺ വാലിയുമായി ഐ.ഐ.ടി മദ്രാസ് മത്സരിക്കുന്നതായി തോന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏകദേശം എല്ലാ ആഴ്ചയും ഒരു പുതിയ സാങ്കേതിക സംരംഭത്തെക്കുറിച്ചുള്ള വാർത്തകൾ ഉണ്ടാകാറുണ്ട്. എനിക്ക് അതിൽ ഇഷ്ടപ്പെട്ടത് നമ്മുടെ വിശാലമായ ജലപാതകളെ ഉപയോഗിക്കുമെന്ന വാഗ്ദാനം മാത്രമല്ല, ഈ ജല വാഹനത്തിന്റെ രൂപകൽപ്പനയും വളരെ അത്ഭുതകരമാണ്’. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.