തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രം: സഖ്യം ഉറപ്പിക്കാൻ തീവ്രശ്രമങ്ങൾ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരാഴ്ചമാത്രം ബാക്കി. തെരഞ്ഞെടുപ്പിലെ സാധ്യതകളിൽ കണ്ണുവെച്ച് ദിവസങ്ങളായി ആയാറാം, ഗയാറാം രാഷ്ട്രീയം അരങ്ങേറുന്നതിനിടയിൽ വിവിധ പാർട്ടികൾ പരസ്പര ധാരണ രൂപപ്പെടുത്തുന്ന തിരക്കിൽ. തെരഞ്ഞെടുപ്പ് കമീഷൻ അന്തിമ അവലോകനങ്ങളിൽ.

സഖ്യം ബലപ്പെടുത്തി ഡി.എം.കെ

തമിഴ്നാട്ടിൽ തോൾ തിരുമാളവൻ നയിക്കുന്ന വിടുതലൈ ചിരുതെയ്കൾ കച്ചി (വി.സി.കെ), വൈകോ നയിക്കുന്ന എം.ഡി.എം.കെ എന്നിവയുമായി ഭരണകക്ഷിയായ ഡി.എം.കെ സീറ്റു ധാരണയായി. 2019ലെ ധാരണപ്രകാരം മുന്നോട്ടു പോകാനാണ് തീരുമാനം. അതനുസരിച്ച് വി.സി.കെ രണ്ടു സംവരണ സീറ്റുകളിലും എം.ഡി.എം.കെ ഒരു സീറ്റിലും മത്സരിക്കും.

ബി.ജെ.പിയുടെ തോൾ ചാരി വീണ്ടും ടി.ഡി.പി

ആന്ധ്രപ്രദേശിൽ ബി.ജെ.പി, മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പവൻ കല്യാണിന്‍റെ ജനസേന എന്നീ പാർട്ടികൾ ബന്ധം വീണ്ടും വിളക്കി ചേർക്കാനുള്ള ശ്രമത്തിൽ. ഒന്നിച്ചു പ്രവർത്തിക്കാൻ തത്വത്തിൽ ധാരണയായെന്നു വിശദീകരിക്കുമ്പോഴും സീറ്റു ധാരണയായിട്ടില്ല.

ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ജനസേന പ്രസിഡന്‍റും നടനുമായ പവൻ കല്യാണും ചർച്ചയിൽ പങ്കെടുത്തു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒന്നിച്ചു പ്രവർത്തിക്കുമെന്നും സീറ്റു ധാരണയടക്കം മറ്റു നടപടിക്രമങ്ങൾ രൂപപ്പെടുത്തി വരുന്നുവെന്നും മുതിർന്ന ടി.ഡി.പി നേതാവ് കെ. രവീന്ദ്രകുമാർ എം.പി വിശദീകരിച്ചു.

എന്നാൽ, എത്ര സീറ്റ് ഓരോ പാർട്ടികൾക്കുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ആന്ധ്രപ്രദേശിൽ 25 ലോക്സഭ സീറ്റും 175 നിയമസഭ സീറ്റുമുണ്ട്. രണ്ടു തെരഞ്ഞെടുപ്പുകളും ഒരുമിച്ചാണ്.

ബി.ജെ.ഡിയെ വളക്കാൻ അമിത് ഷാ

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി-ബി.ജെ.ഡി സഖ്യം ഉറപ്പിക്കാനുള്ള ശ്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ 12ന് ഒഡിഷയിലേക്ക്. സീറ്റു പങ്കിടൽ കീറാമുട്ടിയായി തുടരുന്ന സാഹചര്യത്തിലാണിത്. ഒന്നിച്ചു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉറപ്പിച്ചു പറയാൻ ഇരുപാർട്ടികളും ഇനിയും തയാറായിട്ടില്ല.

ബി.ജെ.ഡി നേതാവും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് വിശ്വസ്തനായ വി.കെ പാണ്ഡ്യനെ ഡൽഹിക്ക് അയച്ചതിനു പിന്നാലെയാണ് അമിത് ഷായുടെ ഒഡിഷ യാത്ര.

2000ലും 2004ലും ബി.ജെ.പിയും ബി.ജെ.ഡിയും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. 15 വർഷം മുമ്പ് 2009 മാർച്ചിലാണ് ബി.ജെ.പി-ബി.ജെ.ഡി സഖ്യം തകർന്നത്. ബി.ജെ.പി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതോടെയായിരുന്നു ഇത്. വീണ്ടും ഒന്നിച്ചു നീങ്ങാൻ തീരുമാനിച്ചപ്പോൾ, കഴിഞ്ഞ തവണ ജയിച്ച പലർക്കും സീറ്റു നഷ്ടപ്പെടുന്ന സ്ഥിതി.

ബി.ജെ.ഡിക്ക് 147 സീറ്റുള്ള നിയമസഭയിൽ 114 എം.എൽ.എമാരുണ്ട്. ബി.ജെ.പി ചോദിക്കുന്നത് 55 സീറ്റ്. 112 സീറ്റെങ്കിലും നിലനിർത്തി ബാക്കി 35 സീറ്റ് ബി.ജെ.പിക്ക് നൽകാമെന്നാണ് ബി.ജെ.ഡി നിലപാട്. 21 ലോക്സഭ സീറ്റിൽ കഴിഞ്ഞ തവണ എട്ടിടത്ത് ജയിച്ച ബി.ജെ.പി ആവശ്യപ്പെടുന്നത് 14 സീറ്റാണ്. 10 വരെ സീറ്റ് നൽകാമെന്ന് ബി.ജെ.ഡി. 

Tags:    
News Summary - Just a week to announce Lok sabha election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.