അശ്ലീല ഉള്ളടക്കം: മസ്കിന്റെ എക്സിനെതിരെ നിയമ നടപടിക്ക് കേന്ദ്രം

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. എക്സിന്റെ ഗ്രോക്ക് എഐ ചാറ്റ്‌ബോട്ട് ദുരുപയോഗം സംബന്ധിച്ച് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാൻ ഗ്രോക്ക് എഐ ഉപയോഗിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. സംഭവത്തിൽ എക്സിന് വീണ്ടും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ് ഇല​ക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ദുരുപയോഗം തടയാൻ സ്വീകരിച്ച നടപടികൾ തെളിവുകൾ സഹിതം സമർപ്പിക്കണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അശ്ലീല ഉള്ളടക്കം സൃഷ്ടിക്കുന്നത് തുടർന്നാൽ എക്സിന് ലഭിക്കുന്ന നിയമ പരിരക്ഷ എടുത്തുമാറ്റുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദുരുപയോഗം തടയാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഒന്നും പറയാതെ കമ്പനിയുടെ നയങ്ങൾ വിശദീകരിക്കുന്ന മറുപടിയാണ് ആദ്യത്തെ കാരണം കാണിക്കൽ നോട്ടിസിന് എക്സ് നൽകിയതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതേതുടർന്നാണ് വ്യക്തമായ വിശദീകരണം തേടി വീണ്ടും നോട്ടിസ് നൽകിയത്. കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള വകുപ്പുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ആദ്യത്തെ നോട്ടിസിൽ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഗ്രോക്ക് എഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് നിർമിച്ച മുഴുവൻ അശ്ലീല ചിത്രങ്ങളും 72 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി രണ്ടിന് ഇല​ക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിന് അന്ത്യശാസനം നൽകിയിരുന്നു. സ്ത്രീകളുടെതടക്കം ചിത്രങ്ങൾ അശ്ലീല രൂപത്തിൽ എഡിറ്റ് ചെയ്തത് ഡിജിറ്റൽ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി ആറ് വരെ സമയം തേടിയ ശേഷമാണ് കമ്പനിയുടെ നയങ്ങൾ ആവർത്തിക്കുന്ന മറുപടി എക്സ് മന്ത്രാലയത്തിന് കൈമാറിയത്. 

Tags:    
News Summary - govt considers legal action against elon musk owned X

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.