ന്യൂഡൽഹി: തെരുവുനായ് വിഷയത്തിൽ യാഥാർഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് നായ്സ്നേഹികളോട് സുപ്രീംകോടതി. ഈ വിഷയത്തിൽ കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അൻജാരിയ എന്നിവരുടെ ബെഞ്ച് വാദം കേൾക്കുന്നത്. നായ്സ്നേഹികളും എൻ.ജി.ഒകളുമാണ് ഹരജിക്കാർ. തെരുവുകളിൽ നിന്ന് പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരണം ചെയ്ത് വാക്‌സിനേഷൻ നൽകി അവയെ പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടണമെന്നാണ് ഹരജികളിലെ ആവശ്യം.
നടി ശർമിള ടാഗോറിനുവേണ്ടി സമർപ്പിച്ച ഹരജിയിൽ കോടതി കടുത്ത വിമർശനം നടത്തി. തെരുവുനായ്ക്കളുടെ വിഷയത്തിൽ എല്ലാത്തിനും ഒരേ സമീപനം യോജിക്കില്ലെന്നും ഈ വിഷയം ശാസ്ത്രീയമായും മനഃശാസ്ത്രപരമായും പരിശോധിക്കണമെന്നും അവരുടെ അഭിഭാഷകൻ പറഞ്ഞു. സാധാരണ നായ്ക്കളിൽ നിന്ന് ആക്രമണകാരികളായ നായ്ക്കകളെ വേർതിരിച്ചറിയാൻ കളർ-കോഡഡ് കോളർ ഇടണമെന്നാണ് അവരുടെ നിർദേശം. നായ് ആക്രമണകാരിയാണെന്ന് ഒരു സമിതി തീരുമാനിക്കുകയും വേണം. മുമ്പ് ആൾക്കാരെ കടിച്ചിട്ടുള്ള നായ്ക്കൾക്ക് ജോർജിയയിലും അർമേനിയയിലുമൊക്കെ കളർ-കോഡഡ് കോളർ ഇടുന്ന പതിവുണ്ടെന്ന് പറഞ്ഞപ്പോൾ, ആ രാജ്യങ്ങളിലെ ജനസംഖ്യ എത്രയാണെന്ന് അറിയാമോ എന്ന് ചോദിച്ച കോടതി യാഥാർഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടു. വിഷയം ഇനി ജനുവരി 13ന് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.