ചെന്നൈ: കേന്ദ്രസർക്കാർ സെൻസർ ബോർഡിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' റിലീസിന് ദിവസങ്ങൾക്ക് മുമ്പ് സി.ബി.എഫ്.സിയുടെ അവലോകന സമിതിക്ക് അയച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് സ്റ്റാലിന്റെ വിമർശനം.
ജനനായകനെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം. 'സി.ബി.ഐ, ഇ.ഡി. ഐ.ടി എന്നിവയെ പോലെ, സെൻസർ ബോർഡും ബി.ജെ.പി സർക്കാറിന്റെ പുതിയ ആയുധമായി മാറിയിരിക്കുന്നു. ശക്തമായി അപലപിക്കുന്നു' എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ജനനായകൻ. പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് ചിത്രത്തിന്‍റെ റിലീസ് നീട്ടി. സെൻസർ ബോർഡിന്‍റെ നടപടികൾക്കെതിരെ നിർമാതാക്കൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റിയതോടെയാണ് നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാൻ കഴിയാതിരുന്നത്. ജസ്റ്റിസ് പി.ടി. ആശയാണ് കേസ് പരിഗണിച്ചത്. ബോർഡിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശൻ ഹാജരായി.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. എന്നാൽ സിംഗ്ൾ ബെഞ്ച് ഉത്തരവിനെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി. സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ് ബെഞ്ചിന്റെ ഉത്തരവ്. ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് നിർമാണ കമ്പനിയുടെ തീരുമാനം.
പ്രീ ബുക്കിങ്ങിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിർമാണകമ്പനി പണം തിരിച്ചു നൽകിയിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്ന വിജയ്‌യുടെ അവസാനത്തെ ചിത്രമാണ് ജനനായകൻ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.