ലഖ്നോ: അയോധ്യ രാമക്ഷേത്രത്തിന്‍റെ 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ച് അയോധ്യ ഭരണകൂടം. 'പഞ്ചകോശി പരിക്രമ'യിൽ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ നോൺ-വെജ് ഇനങ്ങൾ വിതരണം ചെയ്യുന്നുവെന്ന പരാതികളെ തുടർന്നാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.
നിരോധനം നിലവിലുണ്ടെങ്കിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിനോദസഞ്ചാരികൾക്ക് സസ്യേതര ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നത് തുടരുന്നതായി പരാതികൾ ഉയർന്നിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ്ര സിങ് പറഞ്ഞു. പരാതികളെ തുടർന്ന് ഓൺലൈൻ നോൺ-വെജിറ്റേറിയൻ ഭക്ഷണ വിതരണത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം എല്ലാ ഹോട്ടലുകളെയും കടയുടമകളെയും ഡെലിവറി കമ്പനികളെയും അറിയിച്ചിട്ടുണ്ടെന്നും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തുടർച്ചയായ നിരീക്ഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യയിലെ ചില ഹോട്ടലുകളിലും ഹോംസ്റ്റേകളിലും അതിഥികൾക്ക് സസ്യേതര ഭക്ഷണവും മദ്യവും വിളമ്പുന്നുണ്ടെന്നാണ് പരാതികളെന്നും അത്തരം പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.
അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ദൈർഘ്യമുള്ള രാംപാത്തിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപന നിരോധിക്കാൻ അയോധ്യ മുനിസിപ്പൽ കോർപറേഷൻ 2025 മെയ് മാസത്തിൽ തീരുമാനിച്ചിരുന്നെങ്കിലും മദ്യവിൽപന നിരോധനം നടപ്പാക്കിയിട്ടില്ല. ഫൈസാബാദിലെ റോസ് ഉൾപ്പെടെയുള്ള റാം പാത്തിലെ ഇറച്ചിക്കടകൾ നീക്കം ചെയ്തതായി മുനിസിപ്പൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.