ജോഷിമഠിൽ നിലയറ്റ് മിണ്ടാപ്രാണികളും

ജോഷിമഠ്: താഴ്ന്നുതീരുന്ന ദുരന്തമുഖത്തുനിന്ന് ജോഷിമഠിലെ ജനങ്ങൾ കൈയിലെടുക്കാവുന്നതെല്ലാമെടുത്ത് മലയിറങ്ങുമ്പോൾ ആലംബമറ്റ് ബാക്കിയാകുന്നത് ഒരുകൂട്ടം മിണ്ടാപ്രാണികൾ. വിള്ളലുവീണ വീടുകൾ വിട്ട് അഭയകേന്ദ്രങ്ങളിലേക്ക് ജനങ്ങൾ നീങ്ങിയപ്പോൾ പശുക്കളും നായ്ക്കളുമെല്ലാമടങ്ങുന്ന വളർത്തുമൃഗങ്ങളാണ് അനാഥരായത്. താൽക്കാലിക അഭയകേന്ദ്രത്തിലെ പരിമിത സൗകര്യത്തിൽ കൂടെ നിർത്താവുന്ന ചെറിയ വളർത്തുജീവികളെ പലരും കൂടെക്കൂട്ടിയെങ്കിലും ഒട്ടേറെ നാൽക്കാലികളും നായ്ക്കളും ഭക്ഷണവും പരിചരണവുമില്ലാതെ ഇവിടെ നരകിക്കുകയാണ്. കനത്ത മഞ്ഞും തണുപ്പും ഇവയുടെ അതിജീവനം ദുസ്സഹമാക്കുന്നുമുണ്ട്.

മനുഷ്യർക്ക് നേരിട്ട അതേ പ്രതിസന്ധിയും ദുരിതവും തന്നെയാണ് ജോഷിമഠിലെ വളർത്തുമൃഗങ്ങൾക്കും നേരിടേണ്ടവരുന്നതെന്ന് ഉത്തരാഖണ്ഡിൽ മൃഗസംരക്ഷണ രംഗത്തു പ്രവർത്തിക്കുന്ന പീപ്ൾ ഫോർ ആനിമൽസ് (പി.എഫ്.എ) പ്രവർത്തക റുബിന അയ്യർ പറയുന്നു.

‘ഇവിടെയുള്ള മൃഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടതുണ്ട്. മനുഷ്യരെ സഹായിക്കാൻ ഇവിടെ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. മൃഗങ്ങൾക്കുവേണ്ടിയാണ് ഞങ്ങളെത്തിയിരിക്കുന്നത്’-ഡെറാഡൂണിൽനിന്ന് സഹപ്രവർത്തകർക്കൊപ്പം ജോഷിമഠിലെത്തിയ റുബിന പറഞ്ഞു.

ജോഷിമഠിൽ ജനുവരി രണ്ടിനാണ് ഭൂമി താഴ്ന്നുപോകുന്ന പ്രതിഭാസം ആദ്യമായി ശ്രദ്ധയിൽപെട്ടത്.

പിന്നീട് കെട്ടിടങ്ങൾക്ക് വിള്ളൽ വീഴുകയും ഇത് വികസിച്ച് വരുകയും ചെയ്തതോടെ ജനങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരായി. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ കണക്കെടുത്തുവരുകയാണെന്നും ആവശ്യമാണെങ്കിൽ ഇവയെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി എടുക്കുമെന്നും റുബിന വ്യക്തമാക്കി.

200 നായ്ക്കൾ, 300 കാലികൾ, 20 കുതിരകൾ എന്നിവയെ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Joshimath crisis: Pets and cattle displaced as owners navigate subsidence fallout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.