ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിമർശിച്ച് സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്. ചന്ദ്രചൂഡ് ‘ന്യൂസ് ലോൺഡ്രി’ക്ക് നൽകിയ അഭിമുഖത്തിൽ സ്വയം നഗ്നനാകാൻ തീരുമാനിച്ചുവെന്നും നമ്മുടെ നീതിന്യായവ്യവസ്ഥ എത്രത്തോളം കളങ്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതക്കാണ് അടിവരയിടപ്പെട്ടതെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി.
അയോധ്യ കേസിലെ വിവാദ വിധിക്കുശേഷം പഞ്ചനക്ഷത്ര ഹോട്ടലായ താജിൽ അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെ തീൻമേശയിൽ പതഞ്ഞുപൊങ്ങിയ വീഞ്ഞിനുപിന്നിലെ രഹസ്യമാണ് ഇപ്പോൾ പുറത്തേക്കു വന്നിരിക്കുന്നതെന്നും പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ ബ്രിട്ടാസ് പറഞ്ഞു.
വസ്തുതകളല്ല വികാരം മാത്രമാണ് അയോധ്യ വിധിയുടെ ആത്യന്തികദശയെ നിർണയിച്ചതെന്ന നിയമവൃത്തങ്ങളുടെ വിമർശനങ്ങൾ ശരിയാണെന്ന് ചന്ദ്രചൂഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നതിലേക്കാണ് അഭിമുഖം എത്തിയത്. ഉദാര മനഃസ്ഥിതിക്കാരനെന്ന പുറംമോടിക്കുള്ളിൽ ചന്ദ്രചൂഡ് കടുത്ത വർഗീയത ഒളിച്ചുവെച്ചിരുന്നു എന്ന വസ്തുത മിഴിവോടെ പുറത്തുവരാൻ അഭിമുഖം സഹായിച്ചുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ചന്ദ്രചൂഡ് മുഖ്യന്യായാധിപനായിരിക്കെ ഗ്യാൻവാപി സർവേ എന്ന ഹിന്ദു വർഗീയവാദികളുടെ ആവശ്യം അംഗീകരിച്ച് 91ലെ നിയമപ്രകാരം കുടത്തിലടച്ച ഭൂതത്തെ തുറന്നുവിടുകയായിരുന്നു - ലേഖനം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.