ജെ.എന്‍.യുവില്‍ മോദിയുടെ കോലംകത്തിച്ച സംഭവം അന്വേഷിക്കുമെന്ന് വി.സി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ദസറ ആഘോഷത്തിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ മോദിയുടെ കോലം കത്തിച്ച സംഭവം അന്വേഷിക്കുമെന്ന് അധികൃതര്‍. മോദിയെ രാവണനായി ചിത്രീകരിച്ച് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്‍റ്സ് യൂനിയന്‍ ഇന്ത്യ (എന്‍.എസ്.യു.ഐ) പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. രാവണന്‍െറ മറ്റു തലകളായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, പീഡനക്കേസില്‍ ജയിലിലുള്ള ആശാറാം ബാപ്പു, യോഗവ്യവസായി രാംദേവ്, ഗാന്ധി ഘാതകന്‍ ഗോദ്സെ, വിദ്വേഷ പ്രാസംഗികരായ ആതിഥ്യനാഥ്, സാക്ഷി മഹാരാജ്, സാധ്വി  പ്രാചി, ജെ.എന്‍.യുവിനെതിരെ അപവാദം പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് ഗ്യാന്‍ദേവ് അഹൂജജെ.എന്‍.യു വി.സി ജഗദേശ് കുമാര്‍ എന്നിവരെയും ചിത്രീകരിച്ചിരുന്നു.
തിന്മയുടെ പ്രതീകങ്ങളെയാണ് അഗ്നിക്കിരയാക്കിയതെന്നും സര്‍ക്കാറിന്‍െറ പ്രവര്‍ത്തനരീതിയോടുള്ള അതൃപ്തി പ്രകടമാക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കോലം കത്തിക്കല്‍ ശ്രദ്ധയില്‍പെട്ടുവെന്നും സംഭവം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരുകയാണെന്നും വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ അറിയിച്ചു. ഗുജറാത്തില്‍ അതിക്രമം നടത്തുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം ഗോരക്ഷാസേനയുടെ കോലം കത്തിച്ച നാലു വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞയാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കാമ്പസില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളെ ഇത്തരത്തില്‍ അച്ചടക്കനടപടി ഭീഷണികാട്ടി നിശ്ശബ്ദമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. അതിനിടെ കോലം കത്തിച്ചതു സംബന്ധിച്ച് പ്രവര്‍ത്തകരോട് വിശദീകരണം തേടുമെന്ന് എന്‍.എസ്.യു.ഐ അഖിലേന്ത്യാ അധ്യക്ഷ അമൃതാ ധവാന്‍ അറിയിച്ചു.

കോലംകത്തിക്കല്‍ സംഘടനയുടെ പെരുമാറ്റ ചട്ടങ്ങള്‍ക്കെതിരായ സമരരീതിയാണെന്ന് പറഞ്ഞ അവര്‍ എന്നാല്‍, സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള വിദ്യാര്‍ഥികളുടെ അവകാശങ്ങളെ നിഷേധിക്കാന്‍ സമ്മതിക്കില്ളെന്ന് വ്യക്തമാക്കി. കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പ്രതീക്ഷകളെ  തകിടംമറിച്ചെന്നും അവര്‍ ആരോപിച്ചു. അതേസമയം, കോലം കത്തിക്കല്‍ പ്രതിഷേധത്തില്‍ കുറ്റബോധമില്ളെന്നും ക്ഷമാപണം നടത്തില്ളെന്നും പരിപാടിക്ക് നേതൃത്വം നല്‍കിയ ജെ.എന്‍.യുവിലെ എന്‍.എസ്.യു നേതാവ് സണ്ണി ധിമാന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി കാമ്പസിലെ സബര്‍മതി ധാബക്ക് മുന്നിലാണ് കോലം കത്തിച്ചത്.

Tags:    
News Summary - jnu protest, narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.