ജെ.എന്‍.യുവിലെ ദലിത്, ന്യൂനപക്ഷ, മുസ്ലിം വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍; പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജവര്‍ഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് ദലിത്, മുസ്ലിം, ന്യൂനപക്ഷ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തമാവുന്നു. പിന്നാക്കവിഭാഗത്തിലെ വിദ്യാര്‍ഥികളെ ബാധിക്കുന്ന ഉയര്‍ന്ന വൈവ മാര്‍ക്ക് പിന്‍വലിക്കുക, അധ്യാപക നിയമനത്തില്‍ ഒ.ബി.സി റിസര്‍വേഷന്‍ നടപ്പാക്കുക തുടങ്ങി ആറോളം ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിച്ച 15 ദലിത്, ന്യൂനപക്ഷ, മുസ്ലിം വിദ്യാര്‍ഥികളെയാണ് തിങ്കളാഴ്ച ഹോസ്റ്റലില്‍ നിന്നടക്കം സസ്പെന്‍ഡ് ചെയ്തത്.

വെള്ളിയാഴ്ച നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. എന്നാല്‍, കൗണ്‍സില്‍ യോഗം നടക്കുന്നതിന് പുറത്താണ് സമരം ചെയ്തതെന്നും നോട്ടീസ് പോലും നല്‍കാതെയാണ് പുറത്താക്കിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്‍റ്സ് അസോ.(ബി.പി.എസ്.എ), യുനൈറ്റഡ് ഒ.ബി.സി ഫോറം, ഡി.എസ്.യു തുടങ്ങിയ സംഘടനകളിലേയടക്കം വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

എം.ഫില്‍, പിഎച്ച്.ഡി വൈവക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കുന്നതുമൂലം കടുത്തവിവേചനമാണ് പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ നേരിടുന്നത്. വൈവ മാര്‍ക്കില്‍ ഉന്നത ഇടപെടല്‍ വ്യാപകമായി നടക്കുന്നു. താഴെ തട്ടില്‍നിന്ന് വരുന്നവര്‍ക്ക് പലകാരണങ്ങളാല്‍ വൈവകളില്‍  തിളങ്ങാന്‍ സാധിക്കുന്നില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ വിദ്യാഭ്യാസം നേടേണ്ട എന്ന സംഘ്പരിവാര്‍ അജണ്ടയാണ് അവരുടെ നോമിനിയായ വൈസ് ചാന്‍സലര്‍ നടപ്പാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കാമ്പസില്‍ സമരം തുടങ്ങി. എന്‍.എസ്.യുവിന്‍െറ നേതൃത്വത്തില്‍ ബുധനാഴ്ച മാനവശേഷി വികസന മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

Tags:    
News Summary - jnu dalit students suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.