ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഝാർഗണ്ഡ് മുക്തി മോർച്ച പ്രഖ്യാപിച്ചു. തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കിപ്പുറമാണ് പാർട്ടി നിലപാട് തിരുത്തിയത്.
ഝാർഗണ്ഡിൽ ഇൻഡ്യ മുന്നണിയിൽ തുടരണമോ എന്ന കാര്യം പുനഃപരിശോധിക്കുമെന്നും പാർട്ടി തീരുമാനം വിശദീകരിക്കവെ ഝാർഗണ്ഡ് മന്ത്രിസഭാംഗം കൂടിയായ സുദിവ്യ കുമാർ പറഞ്ഞു.
‘ബിഹാർ തെരഞ്ഞെടുപ്പിൽ ജെ.എം.എം മത്സരിക്കില്ല, സീറ്റ് വിഭജനത്തിലെ ആശയക്കുഴപ്പത്തിനിടെ കോൺഗ്രസുമായും ആർ.ജെ.ഡിയുമായുമുള്ള സഖ്യം പുനഃപരിശോധിക്കും,’ സുദിവ്യ കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇൻഡ്യ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ജെ.എം.എം രംഗത്തെത്തിയിരുന്നു. അപമാനവും ഗൂഢാലോചനയും അംഗീകരിക്കാനാവില്ലെന്നും തങ്ങൾ ഒറ്റക്ക് മത്സരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
ഒക്ടോബർ 14നകം തങ്ങൾക്ക് മാന്യമായ സീറ്റ് വിഹിതം തന്നില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഒക്ടോബർ 11ന് പാർട്ടി ഇൻഡ്യ സഖ്യത്തെ അറിയിച്ചിരുന്നു. 12 സീറ്റുകളായിരുന്നു ജെ.എം.എമ്മിന്റെ ആവശ്യം. എന്നാൽ, സഖ്യത്തിൽ സീറ്റ് വിഭജനമടക്കം വിഷയങ്ങളിൽ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. 2020 നിയമസഭ തെരഞ്ഞെടുപ്പിലും ആർ.ജെ.ഡിയുമായും മഹാബന്ധൻ സഖ്യവുമായും പിണങ്ങിപ്പിരിഞ്ഞ ജെ.എം.എം ഏഴ് സീറ്റുകളിൽ തനിച്ച് മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.